'ബന്ദിയാക്കി, വിഷം നല്‍കി, നാരങ്ങയും നെയ്യും ഉപയോഗിച്ച് അതിജീവിച്ചു'; കൊല്ലപ്പെട്ട മുൻ DGPയുടെ ഭാര്യ

ഓം പ്രകാശും ഭാര്യ പല്ലവിയും
ഓം പ്രകാശും ഭാര്യ പല്ലവിയും

ബെംഗളൂരു: കര്‍ണാടക മുന്‍ പോലീസ് മേധാവി ഓം പ്രകാശിനെ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കയച്ച സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത്. ഓം പ്രകാശിന്റെ ഭാര്യ പല്ലവി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഓം പ്രകാശ് തനിക്ക് വിഷം നല്‍കുന്നുവെന്ന് പല്ലവി സംശയിച്ചിരുന്നു. താന്‍ വീട്ടില്‍ ബന്ദിയാണെന്നും ഓം പ്രകാശിന്റെ ആളുകള്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി അവര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പല്ലവിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ അയച്ച സന്ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

അമ്മ വിഷാദരോഗം അനുഭവിച്ചിരുന്നുവെന്ന് അവരുടെ മകനും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടോടെയാണ് കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ ബെംഗളൂരുവിലെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലേക്കടക്കം പല്ലവി ഭര്‍ത്താവിനെതിരെ പരാതി ഉന്നയിച്ചുകൊണ്ട് സന്ദേശമയച്ചിട്ടുണ്ട്. 'എന്റെ ഭർത്താവിനെതിരെ അടിയന്തര നടപടിയെടുക്കണം,  ഓം പ്രകാശിന്റെ റിവോള്‍വര്‍ ഉടന്‍ പിടിച്ചെടുക്കണം. ഞാനൊരു ബന്ദിയാണ്. ഞാന്‍ എവിടെ പോയാലും ഓംപ്രകാശിന്റെ ഏജന്റുമാര്‍ എന്നെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു' തുടങ്ങിയ സന്ദേശങ്ങള്‍ ഐപിഎസ് ഗ്രൂപ്പിലേക്ക് പല്ലവി അയച്ചിട്ടുണ്ട്.

മുന്‍ പോലീസ് മേധവി തനിക്ക് വിഷം നല്‍കിയിരുന്നുവെന്നും അവര്‍ ആരോപിച്ചു. 'വര്‍ഷങ്ങളായി ഞാന്‍ അദ്ദേഹത്തോട് വേറെ താമസിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്, പക്ഷേ ഒരു ഫലവുമുണ്ടായില്ല. ഞാന്‍ തനിച്ച് എവിടെ പോയാലും, ഭക്ഷണത്തിലും വെള്ളത്തിലും വിഷം കലര്‍ത്തുന്നത് തുടങ്ങും. വീട്ടുജോലിക്കാരെ ഉപയോഗിച്ചും എന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താറുണ്ടായിരുന്നു. എന്റെ മകള്‍ കൃതിയും കഷ്ടപ്പെടുകയാണ് അതിനാല്‍ എനിക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ല' പല്ലവി അയച്ച സന്ദേശങ്ങളില്‍ പറയുന്നു.

ഓം പ്രകാശിന്റെ മരണത്തില്‍ പല്ലവിക്കൊപ്പം മകള്‍ കൃതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ കൃതിക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പണമാണ് എല്ലാം വളരെ എളുപ്പമാക്കുന്നത്. അധികാരം ദുഷിപ്പിക്കും, പരമാധികാരം പൂര്‍ണ്ണമായും ദുഷിപ്പിക്കുമെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. 'ഞാന്‍ എന്തു ചെയ്യണം? എന്റെ മകള്‍ കഷ്ടപ്പെടുകയാണ്. അവള്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് ഇത് തുടങ്ങിയത്' എന്നും പല്ലവി വ്യക്തമാക്കുന്നു.

തനിക്കോ കൃതിക്കോ എന്തെങ്കിലും സംഭവിച്ചാല്‍ ഓം പ്രകാശ് ഉത്തരവാദിയായിരിക്കുമെന്നും പല്ലവി എഴുതി വിട്ടിട്ടുണ്ട്. 'നെയ്യും നാരങ്ങയും' ഉപയോഗിച്ച് സ്വയവും മകളെയും വിഷമുക്തമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു. 'ദൈവാനുഗ്രഹം കൊണ്ട്, ഓരോ തവണയും സ്വയം വിഷമുക്തയാകാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്', തനിക്ക് മറ്റൊരു താമസസൗകര്യം കണ്ടെത്താന്‍ നിലവിലെ ഡിജിപിയോട് ആവശ്യപ്പെടണമെന്നാണ് പല്ലവി മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ പല്ലവിയാണ് ഓം പ്രകാശിനെ കൊലപ്പെടുത്തിയതെന്നാണ് മകന്‍ കാര്‍ത്തികേശ് മൊഴി നല്‍കിയിട്ടുണ്ട്. ക്രൂരമായ കൊലപാതകമെന്നാണ് പുറത്ത് വരുന്ന വിവരം. പല്ലവി ഓംപ്രകാശിനെ കെട്ടിയിട്ട ശേഷം പലതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 

ഓം പ്രകാശ് നേരത്തെയും ആക്രമിക്കപ്പെട്ടിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പല്ലവി കല്ലുകൊണ്ട് അദ്ദേഹത്തിന്റെ തലയില്‍ അടിച്ചിരുന്നു. തന്റെ അമ്മ ഒരാഴ്ചയായി അച്ഛനെ ഭീഷണിപ്പെടുത്തി വരികയായിരുന്നു എന്നും, അതിനാല്‍ അദ്ദേഹം സഹോദരിയുടെ വീട്ടിലേക്ക് മാറിയിരുന്നു എന്നും ഇവരുടെ മകന്‍ കാര്‍ത്തികേശ് ആരോപിച്ചു. എന്നാല്‍ കൃതി അവിടെ പോയി അച്ഛനെ   നിര്‍ബന്ധിച്ചു കൊണ്ടുവന്നു. താമസിയാതെ വാക്കുതര്‍ക്കമുണ്ടായെന്നും കാര്‍ത്തികേശ് പോലീസിനോട് പറഞ്ഞു. കൊലപാതകം നടക്കുന്ന സമയത്ത് താന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും അയല്‍വാസി അറിയിച്ചതനുസരിച്ച് വീട്ടിലെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് കൊല്ലപ്പെട്ട നിലയിലാണ് അച്ഛനെ കണ്ടെതെന്നും കാര്‍ത്തികേശ് മൊഴി നല്‍കിയിട്ടുണ്ട്.

Content Highlights: Karnataka Ex-Police Chief-Murder-Wife WhatsApp Messages Reveal Shocking Details