കരിപ്പൂർ പോലീസ് സ്റ്റേഷനിൽനിന്ന് 10 ലക്ഷത്തിന്റെ സ്വർണം കാണാതായി; പിന്നിൽ പോലീസുകാരെന്ന് സംശയം

കൊണ്ടോട്ടി: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 10 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സ്വർണം കാണാതായി. രഹസ്യാന്വേഷണവിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിലുള്ള സ്വർണം സ്റ്റേഷനിലില്ലെന്നു മനസ്സിലായത്.
കരിപ്പൂർ വിമാനത്താവളത്തിൽനിന്നു കണ്ടെത്തിയതും മറ്റിടങ്ങളിൽനിന്ന് നാട്ടുകാർക്ക് കളഞ്ഞുകിട്ടി പോലീസിലേൽപ്പിച്ചതുമായ സ്വർണമാല, ബ്രേസ്‌ലെറ്റ്, കമ്മൽ, മോതിരം തുടങ്ങിയവയാണ് കാണാതായത്. എട്ടുപവനിലധികം സ്വർണാഭരണങ്ങൾ കാണാതായെന്നാണ് പ്രാഥമിക വിവരം. അന്വേഷണം പൂർത്തിയായാലേ പൂർണവിവരം കിട്ടൂ.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വർണാഭരണങ്ങളിൽ കുറവുണ്ടെന്ന കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 2018 മുതലുള്ള സൂക്ഷിപ്പുസ്വർണമാണ് 2025-ൽ നഷ്ടപ്പെട്ടത്. സ്വർണം സംബന്ധിച്ച വിവരം പോലീസ് സ്റ്റേഷനിലെ രേഖകളിലുണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ കണ്ടെത്താനായില്ല. സംഭവത്തിനുപിന്നിൽ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണെന്ന സംശയം ഉയർന്നിട്ടുണ്ട്.
കൊണ്ടോട്ടി എ.എസ്.പി. കാർത്തിക് ബാലകുമാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർ ആണ് സ്റ്റേഷനിൽ സൂക്ഷിക്കുന്ന എല്ലാ സാധനങ്ങളുടെയും ചുമതലക്കാരൻ. സ്റ്റേഷനിൽ ഇത്തരം സ്വർണവും പണവുമെല്ലാം സൂക്ഷിക്കുന്നതിന് പ്രത്യേകം സൗകര്യമുണ്ട്. കളഞ്ഞുകിട്ടി പോലീസിലേൽപ്പിക്കുന്ന ആഭരണങ്ങൾ സ്റ്റേഷനിൽ സൂക്ഷിക്കാറുണ്ടെങ്കിലും അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്താറില്ല. സ്വർണക്കടത്ത്, ലഹരിക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട് നേരത്തേ കരിപ്പൂർ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടി വന്നിരുന്നു.
Content Highlights: Over 10 lakhs worth of gold jewelry missing from police custody., Discrepancy discovered during a 2025 intelligence department audit., Gold items collected since 2018 are reported missing., ASP Karthik Balakumar confirmed the incident in a preliminary report., Suspicions raised regarding internal police involvement.