കാപ്പ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു; സംഭവം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ

കോഴിക്കോട്: കാപ്പ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ് പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടത്. ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതിയാണ് അജ്മല്‍ ബിലാല്‍. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജ്മലിന് ഒരു വര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ഈ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയപ്പോഴാണ് ചെമ്മങ്ങാട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വൈദ്യപരിശോധനയ്ക്കായാണ് പോലീസ് അജ്മലിനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെവെച്ച് ശുചിമുറിയില്‍ പോകണമെന്നു പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് അനുവദിച്ചു. എന്നാല്‍, ശുചിമുറിയില്‍ കയറിയ അജ്മല്‍ അതിനുള്ളിലെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് അതിലൂടെ ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് നഗരപരിധിയില്‍തന്നെ ചെമ്മങ്ങാട് ടൗണ്‍, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് അജ്മല്‍. മോഷണം അടക്കമുള്ള കേസുകളിലാണ് അജമല്‍ പ്രതിയായിട്ടുള്ളത്.
Content Highlights: kappa case culprit ran away from police custody in kozhikode kerala police crime news