ഇവിടെ കൊലപാതകം, അവിടെ ആഘോഷം: CCTV വെച്ച് നിരീക്ഷിച്ച അമ്മായിയപ്പനെ 6 ലക്ഷത്തിന് ക്വട്ടേഷൻകൊടുത്ത് കൊലപ്പെടുത്തി മരുമകൾ

കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ പ്രമുഖ വ്യവസായിയായ വിനീത് മിനോച്ചയെ അദ്ദേഹത്തിന്റെ മരുമകൾ ഷാലു മിനോച്ച ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ കൂടൂതൽ വെളിപ്പെടുത്തലുകളുമായി പോലീസ്. കേസുമായി ബന്ധപ്പെട്ട് ഷാലുവിനെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലെ നിരന്തരമായ സിസിടിവി നിരീക്ഷണവും സാമ്പത്തിക നിയന്ത്രണങ്ങളും മൂലമുണ്ടായ വിരോധമാണ് പ്രതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. കാൺപുരിലെ അതിസമ്പന്നമായ ഇന്ദിരാ നഗർ പ്രദേശത്തുള്ള സ്വന്തം ഫ്ളാറ്റിനുള്ളിൽവെച്ച് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മിനോച്ചി കഴുത്തറുത്ത് കൊല്ലപ്പെട്ടത്.
പോലീസ് പറയുന്നതനുസരിച്ച്, വിനീതന്റെ മരുമകൾ ഷാലുവാണ് കൊലപാതക ഗൂഢാലോചനയുടെ കേന്ദ്രബിന്ദു. വിനീതിന്റെ മരണശേഷം തുടക്കത്തിൽ അണപൊട്ടി കരയുന്നതായി കണ്ട ഷാലുവിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണങ്ങളാണ് പോലീസിന് കേസിൽ തുമ്പുണ്ടാക്കിക്കൊടുത്തത്. ഈ കുടുംബത്തിൽ മുൻപ് ജോലി ചെയ്തിരുന്ന ഒരാൾക്ക് ആറ് ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയാണ് യുവതി കൊലപാതകം നടത്തിയത്. അന്വേഷണത്തിനിടെ, വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലൂടെ വിനീത് ഷാലുവിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായുള്ള പോലീസിന്റെ കണ്ടെത്തൽ കേസിൽ പ്രധാന വഴിത്തിരിവായതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
പുറത്തുനിന്നെത്തിയവരാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു കേസിന്റെ ആദ്യഘട്ടത്തിൽ പോലീസ് സംശയിച്ചിരുന്നത്. എന്നാൽ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്ന വിവരം, കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു, ഇതാണ് കേസന്വേഷണത്തിലെ പ്രധാന വഴിത്തിരിവുകളിലൊന്നായി മാറിയത്. കുടുംബത്തിനകത്തെ പക എങ്ങനെ ക്രൂരമായ ഒരു ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചു എന്നതാണ് ഈ കേസിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ, വിനീതിന്റെ മുൻ ജീവനക്കാരന്റെ പങ്ക്, അവരുടെ കോൾ റെക്കോർഡുകൾ, ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചത്.
മകന്റെയും മരുമകളുടെയും സാമ്പത്തിക ചെലവുകളിൽ വിനീത് വലിയ രീതിയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും അവരുടെ പ്രവർത്തനങ്ങൾ സദാ നിരീക്ഷിക്കുകയും ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ മനസിലാക്കി. ഇത് കുടുംബത്തിനുള്ളിൽ വലിയ അമർഷത്തിന് ഇടയാക്കിയിരുന്നു. ഈ കാരണങ്ങളാവാം ഒടുവിൽ അദ്ദേഹത്തെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് കാരണമായത് എന്ന സംശയത്തിന് പിന്നാലെയാണ് പോലീസ് ചൊവ്വാഴ്ച ഷാലുവിനെ കസ്റ്റഡിയിലെടുത്തത്. ഈ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടേണ്ടതുണ്ട്. സംഭവദിവസം വിനീതിന്റെ കുടുംബം ഒരു പാർട്ടിക്ക് പോയ സമയത്ത് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് വ്യക്തികൾ ഇവരുടെ ഫ്ളാറ്റിലേക്ക് നീങ്ങുന്ന ദൃശ്യങ്ങൾ അപ്പാർട്ട്മെന്റിലെയും സമീപപ്രദേശങ്ങളിലെയും ക്യാമറകളിൽ പതിഞ്ഞിരുന്നു.
പോലീസ് നൽകുന്ന വിവരമനുസരിച്ച് ശനിയാഴ്ച രാത്രി 9.36-ഓടെയാണ് വിനീതിന്റെ മകൻ സുബ്രത്, മരുമകൾ ഷാലു, ഇവരുടെ ആറു വയസ്സുള്ള മകൻ എന്നിവർ പാർട്ടിയിൽ പങ്കെടുക്കാനായി വീട്ടിൽ നിന്നിറങ്ങിയത്. നിമിഷങ്ങൾക്കുള്ളിൽ രണ്ട് പുരുഷന്മാർ ഫ്ളാറ്റിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഇവർ വീടിനുള്ളിൽ കയറി ഒളിച്ചിരിക്കുകയും വിനീത് തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയും ചെയ്തു. രാത്രി 10.58-ഓടെയാണ് വിനീത് വീട്ടിലെത്തിയത്. വിനീത് എത്തുന്നതിന് മുമ്പ് ഏകദേശം ഒരു മണിക്കൂറും 15 മിനിറ്റും അക്രമികൾ ഫ്ളാറ്റിനുള്ളിൽ ചെലവഴിച്ചു.
വിനീത് ഉറങ്ങുമ്പോൾ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും അത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ ആദ്യ പദ്ധതി. എന്നാൽ വിനീത് കുട്ടികളുടെ മുറിയിലേക്ക് നടക്കുകയും അക്രമികളുടെ മുന്നിൽപ്പെടുകയും ചെയ്തതോടെയാണ് പ്ലാൻ മാറിയത്. തുടർന്ന് അക്രമികൾ കത്തി ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ കഴുത്തിനും നെഞ്ചിനും പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്തെ വിവിധ സിസിടിവികളിൽനിന്നും ശേഖരിച്ച ദൃശ്യങ്ങളാണ് പോലീസിന് ആദ്യത്തെ പ്രധാന വഴിത്തിരിവ് നൽകിയത്. വിനീതിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന മുൻ ജീവനക്കാരനായ വിശാൽ ഗൗതമാണ് ഇവരുടെ വീട്ടിൽ കടന്ന വ്യക്തികളിൽ ഒരാളെന്ന് പോലീസ് തിരിച്ചറിഞ്ഞു.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, വിശാലിനെയും രാജ് കിഷോറിനെയും ചോദ്യം ചെയ്തപ്പോഴാണ് കേസിൽ ഏറ്റവും വലിയ വഴിത്തിരിവുണ്ടായത്. വിശാൽ ഏകദേശം 12-13 വർഷത്തോളം ഈ വീട്ടിൽ ജോലി ചെയ്തിരുന്നു. കുടുംബവുമായുള്ള പരിചയവും വീടിന്റെ രൂപരേഖയെക്കുറിച്ചുള്ള അറിവുമാണ് ഇയാളെ കൃത്യം നടത്താൻ സഹായിച്ചത്. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, വിശാലിന്റെ പക്കൽ ഫ്ളാറ്റിന്റെ വ്യാജ താക്കോൽ ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് അയാൾ തന്റെ സഹായിയായ രാജ് കിഷോറിനൊപ്പം വീടിനുള്ളിൽ കടന്നത്. വ്യാജ താക്കോൽ ഉപയോഗിച്ചെന്ന വിവരം, വീടിനുള്ളിലേക്കുള്ള പ്രവേശനം ആകസ്മികമല്ല മറിച്ച് ആസൂത്രിതമായിരുന്നു എന്ന പോലീസിന്റെ നിഗമനത്തെ ബലപ്പെടുത്തി.
പിന്നാലെ നടത്തിയ ചോദ്യംചെയ്യലിൽ, വിനീതിന്റെ മരുമകൾ പണം വാഗ്ദാനം ചെയ്ത് തങ്ങളെ ആകർഷിക്കുകയും കൊലപാതകം നടത്തിക്കുകയുമായിരുന്നു എന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചതായി ഡിസിപി വെസ്റ്റ് ഖാസിം ആബിദി വ്യക്തമാക്കി. തുടർന്നാണ് പോലീസ് ഷാലുവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഷാലുവിനെതിരായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കവുമായി പോലീസ് മുന്നോട്ടുപോയി. മെയ് ഒന്നുമുതൽ കൊലപാതകം നടന്ന ദിവസംവരെ ഷാലുവും വിശാലും ഏകദേശം 309 തവണ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. ഫോൺ കോളുകളും വാട്‌സ്ആപ്പ് കോളുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
കൊലപാതക പദ്ധതി എപ്പോഴാണ് ചർച്ച ചെയ്തതെന്നും കുറ്റകൃത്യത്തിന് മുമ്പ് പ്രതികൾ എങ്ങനെ ഏകോപനം നടത്തിയെന്നും സ്ഥാപിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ പരിശോധിച്ചു വരികയാണ്. അന്വേഷണത്തിന് കൂടുതൽ വ്യക്തത നൽകിക്കൊണ്ട്, ഷാലുവും വിശാലും തമ്മിൽ നടത്തിയ 49 ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക വിശകലനത്തിലൂടെ ഈ സന്ദേശങ്ങൾ വീണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചുവരികയാണ്; കൊലപാതക ഗൂഢാലോചനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
മരുമകളും മുൻ ജീവനക്കാരനും തമ്മിൽ കൊലപാതകത്തിനായി നടന്ന ആറുലക്ഷം രൂപയുടെ കരാറിനെക്കുറിച്ചും (ക്വട്ടേഷനെക്കുറിച്ചും) പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണ വിവരങ്ങൾ അനുസരിച്ച്, കൊലപാതകത്തിന് ശേഷം രണ്ടുലക്ഷം രൂപയും ബാക്കി നാലുലക്ഷം രൂപ 15 ദിവസത്തിന് ശേഷവും നൽകാനായിരുന്നു പദ്ധതി. കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, സംഭവം നടന്ന ദിവസം പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന ഷാലുവിന്റെയോ ഭർത്താവിന്റെയോ മുഖത്ത് സമ്മർദ്ദത്തിന്റെയോ ഉത്കണ്ഠയുടെയോ ലക്ഷണങ്ങളൊന്നും കാണാനില്ലായിരുന്നു എന്ന് പാർട്ടി നടന്ന കോസ്‌മോസിൻ ലോഞ്ചിന്റെ (Cosmozin Lounge) മാനേജർ പറയുന്നു.
'രണ്ടുപേരും സാധാരണ രീതിയിലാണ് പാർട്ടിയിൽ പങ്കെടുത്തത്; അവർ ഭക്ഷണം ഓർഡർ ചെയ്യുകയും നൃത്തം ചെയ്യുകയും ആസ്വദിച്ച് കുറെ സമയം ചെലവഴിക്കുകയും ചെയ്തു. അവർ ഇവിടെ പാർട്ടി ആഘോഷിക്കുമ്പോഴാണ് അവരുടെ വീട്ടിൽ ഇത്രയും വലിയൊരു കുറ്റകൃത്യം നടക്കുന്നത് എന്ന് പിറ്റേന്ന് അറിഞ്ഞപ്പോൾ ഞങ്ങളും ഏറെ ഞെട്ടിപ്പോയി. പാർട്ടിയിലെ അവരുടെ പെരുമാറ്റം അവർ എന്തെങ്കിലും സമ്മർദ്ദത്തിലാണെന്നതിന്റെ ഒരു സൂചനയും നൽകിയിരുന്നില്ല. പുലർച്ചെ മൂന്നുമണിവരെയാണ് പാർട്ടി തുടർന്നത്.' മാനേജർ കൂട്ടിച്ചേർത്തു.
Content Highlights: Police investigations in Kanpur reveal that Shalu Minocha, the daughter-in-law of businessman Vineet Minocha, orchestrated his murder due to financial control and constant surveillance imposed by him, leading to her arrest.