തായ് യുവതിയെ വിവാഹം ചെയ്ത് 60 ലക്ഷം തട്ടി, പിന്നാലെ മുങ്ങി; പണം ചോദിച്ചപ്പോൾ മതം മാറാനാവശ്യപ്പെട്ടു, യുപി സ്വദേശിക്കെതിരേ കേസ്

കാൺപുർ: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട തായലൻഡ് സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. ഉത്തർപ്രദേശുകാരനായ ഇർഫാൻ എന്നയാൾക്കെതിരേയാണ് ഉപ്‌സോൺ എന്ന യുവതി രംഗത്തെത്തിയത്. വിവാഹവാഗ്ദാനം നൽകി 60 ലക്ഷം രൂപ തട്ടിയെടുത്തെന്നും എന്നാൽ വിവാഹം ചെയ്യാതെ കബളിപ്പിച്ചുവെന്നുമാണ് പരാതി. ഇർഫാൻ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
സംഭവം ഇങ്ങനെ, തായ്‌ലൻഡിൽ റെസ്റ്റോറന്റ്-ക്യാന്റീൻ നടത്തുകയാണ് ഉപ്‌സോൺ. സമൂഹമാധ്യമത്തിലൂടെയാണ് കാൺപുർ സ്വദേശിയായ ഇർഫാനെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദവും പിന്നീട് പ്രണയവുമായി വളർന്നു. യുവതിയെ കാണാനായി ഇയാൾ തായ്‌ലൻഡിലെത്തുകയും ചെയ്തിരുന്നു. യുവതിയുടെ വിശ്വാസം നേടിയെടുത്തതിന് ശേഷം രണ്ടുവർഷങ്ങൾക്ക് മുൻപ് വിവാഹവും നടത്തി.
എന്നാൽ വിവാഹത്തിന് ശേഷം ഇർഫാൻ ഉപ്‌സോണിനോട് നിരന്തരം പണം ആവശ്യപ്പെട്ടു. തന്റെ തുകൽ ബിസിനസ്സിന് വേണ്ടിയാണെന്നാണ് അവകാശപ്പെട്ടായിരുന്നു പണം വാങ്ങിയിരുന്നത്. ഏകദേശം 60 ലക്ഷം രൂപ ഇത്തരത്തിൽ ഇർഫാൻ വാങ്ങിയെടുത്തിരുന്നു. എന്നാൽ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയ ഇയാൾ യുവതിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. മാസങ്ങളോളം ഭർത്താവിനെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ 2026 ഒക്ടോബർ 6-ന് ഉപ്സോൺ ഇന്ത്യയിലെത്തി കാൺപൂരിലുള്ള ഇർഫാന്റെ വീട്ടിലെത്തി. അവിടെവെച്ചാണ് ഇർഫാൻ 12 വർഷം മുമ്പ് വിവാഹം കഴിഞ്ഞതാണെന്നും മൂന്ന് കുട്ടികളുണ്ടെന്നുമുള്ള സത്യം യുവതി തിരിച്ചറിയുന്നത്.
തട്ടിപ്പ് ചോദ്യം ചെയ്യുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്ത ഉപ്സോണിനെ ഇർഫാൻ ശാരീരികമായി ഉപദ്രവിച്ചു. പണം തിരികെ വേണമെങ്കിലോ കൂടെ ജീവിക്കണമെങ്കിലോ മതം മാറണമെന്നും ഇർഫാൻ ആവശ്യപ്പെട്ടതായി യുവതി ആരോപിക്കുന്നു.
വഞ്ചനയ്ക്കിരയായ യുവതി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശിവ സിങ്ങിനെ സമീപിച്ച് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പോലീസ് ഇർഫാനെ അറസ്റ്റ് ചെയ്തു. 60 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകൾ, വിവാഹ രേഖകൾ, മതപരിവർത്തന ആരോപണങ്ങൾ എന്നിവയെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Content Highlights: A Thai woman named Upson was cheated out of Rs 60 lakhs by Irfan from Kanpur., The accused hid his prior marriage and children while promising to marry her., Upson traveled to India in October 2026 to confront him after he severed ties., Police arrested the accused following a formal complaint filed with DCP Shivi Singh.