കണ്ണൂർ വ്ലോഗർമാരുടെ മരണം: ദുരൂഹതയാരോപിച്ച് ബന്ധുക്കളും നാട്ടുകാരും, അന്വേഷണം ഡി.ഐ.ജി കെ. കാർത്തിക്കിന്

#ന്യൂസ് ഡെസ്ക്
എടക്കാട്‌ അപകടത്തിൽപ്പെട്ട കാറും സ്കൂട്ടറും, ശിവത്തിൽ അനൂപ്
എടക്കാട്‌ അപകടത്തിൽപ്പെട്ട കാറും സ്കൂട്ടറും, ശിവത്തിൽ അനൂപ്

കണ്ണൂർ: കണ്ണൂരിലെ പ്രമുഖ വ്ലോഗർമാരുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് കേസിന്റെ അന്വേഷണച്ചുമതല കണ്ണൂർ മേഖല ഡി.ഐ.ജി കെ. കാർത്തിക്കിന് കൈമാറി. വ്ലോഗർമാരായ അനൂപും ഷബീർ താണയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് ഇരുവരും മരണപ്പെട്ടത്.

ഈ കഴിഞ്ഞ 15-ാം തീയതി ദേശീയപാതയിൽ ഇടക്കാട് ഊപ്പഴശിക്കാവിന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. അനൂപും ഷബീറും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഒരു കാർ വന്ന് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇരുവരും ഹൈവേയിൽനിന്ന് താഴെയുള്ള സർവീസ് റോഡിലേക്ക് വീണു മരിക്കുകയുമായിരുന്നു.

കാർ ഡ്രൈവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നായിരുന്നു ആദ്യഘട്ടത്തിൽ പോലീസ് നൽകിയ വിശദീകരണം. കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമാവുകയും പ്രതിയെ ചോദ്യം ചെയ്ത് പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഇരിക്കുകയുമായിരുന്നു.

കണ്ണൂരിലെ അറിയപ്പെടുന്ന വ്ലോഗർമാരായ അനൂപും ഷബീറും നിരവധി വിഷയങ്ങളിൽ സജീവമായി ഇടപെടുകയും സോഷ്യൽ മീഡിയയിലൂടെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്ന വ്യക്തികളാണ്. അതുകൊണ്ടുതന്നെ ഇവരോട് ആർക്കെങ്കിലും മുൻവൈരാഗ്യമോ വിരോധമോ ഉണ്ടോയെന്നും മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചു.

സംഭവം പ്രദേശത്ത് വലിയ ചർച്ചയാവുകയും ജനവികാരം ഉയരുകയും ചെയ്തതോടെയാണ് വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എം.എൽ.എ ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകിയത്. ഈ നിവേദനം ആഭ്യന്തരവകുപ്പ് അംഗീകരിച്ചതിനെ തുടർന്നാണ് കണ്ണൂർ മേഖല ഡി.ഐ.ജി കെ. കാർത്തിക്കിന് അന്വേഷണച്ചുമതല നൽകിയത്.

Content Highlights: The investigation into the tragic road accident deaths of popular Kannur vloggers Anoop and Shabeer has been handed over to DIG K Karthik following persistent suspicions and demands for a thorough probe from relatives and locals.