'അഷറഫ്' ബിരിയാണി അരി; മോഷണംപോയത് ബിസിനസിലെ തുക, യാത്രകാരണം പണം ലോക്കറില്‍ സൂക്ഷിച്ചു

കണ്ണൂര്‍: വീട്ടില്‍നിന്ന് കവര്‍ച്ചനടത്തിയ പണം പോലീസ് കണ്ടെടുത്തതില്‍ സന്തോഷമുണ്ടെന്ന് വളപട്ടണത്തെ അരി വ്യാപാരി അഷറഫിന്റെ മകന്‍ അദ്‌നാന്‍ അഷറഫ് 'മാതൃഭൂമി'യോട് പറഞ്ഞു. മോഷണംപോയ തുക ബിസിനസ് നടത്തിയുണ്ടാക്കിയതാണ്. അന്വേഷണസംഘത്തോട് നന്ദിയുണ്ട്. പിതാവിന് മാധ്യമങ്ങളോട് സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഷറഫ് എന്ന ബിരിയാണി അരി ബ്രാന്‍ഡിന്റെ ഉടമയാണ് മന്ന കോറല്‍ വീട്ടില്‍ കെ.പി. അഷറഫ്.
വ്യാപാരംവഴി വരുന്ന പണം സാധാരണ ബാങ്കില്‍ അടയ്ക്കാറാണ്. എന്നാല്‍, തമിഴ്‌നാട്ടിലേക്ക് കുടുംബസമേതം യാത്രചെയ്യേണ്ടിവന്നതിനാലാണ് ലോക്കറില്‍ സൂക്ഷിച്ചത്.
അന്വേഷണ മികവില്‍ കണ്ണൂര്‍ സ്‌ക്വാഡ്
കണ്ണൂര്‍: വളപട്ടണം കവര്‍ച്ചക്കേസില്‍ 10 ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടാനായത് കണ്ണൂര്‍ സ്‌ക്വാഡിന്റെ അന്വേഷണമികവ്. എ.സി.പി. ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള 20 അംഗ അന്വേഷണസംഘം രൂപവത്കരിച്ചാണ് പഴുതടച്ച അന്വേഷണം നടത്തിയതും പ്രതിയിലേക്ക് എത്തിയതും. നവംബര്‍ 20-നാണ് കവര്‍ച്ച നടന്നതെങ്കിലും 24-നാണ് പരാതി പോലീസില്‍ ലഭിച്ചത്. അടുത്തറിയാവുന്ന ആളാണ് കവര്‍ച്ച നടത്തിയതെന്ന് തുടക്കം മുതലേ പോലീസിന് സംശയം ഉണ്ടായിരുന്നു. വ്യക്തമായ തെളിവുകളുമായിട്ടാണ് ലിജേഷിനെ കസ്റ്റഡിലെടുത്ത് പോലീസ് ചോദ്യംചെയ്തത്. എന്നാല്‍ കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് എ.സി.പി. രത്‌നകുമാറിന്റെ മുന്നില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. സുമേഷ്, എം.പി. ആസാദ്, സനല്‍ കുമാര്‍, പി.സി. സഞ്ജയ് കുമാര്‍, എസ്.ഐ.മാരായ ടി.എം. വിപിന്‍, പി. ഉണ്ണികൃഷ്ണന്‍, പി.കെ. സുരേഷ് ബാബു, കെ. രാജീവന്‍, എം. അജയന്‍, പി.കെ. ഷാജി, എസ്.സി.പി.ഒ. എം. സ്‌നേഹേഷ്, സി. സജിത്ത്, എ.എസ്.ഐ.മാരായ രഞ്ജിത്ത്, ഷാജി, സി.പി.ഒ. സി. നാസര്‍, കിരണ്‍, എന്‍. അമൃത, കെ. മഹിത, ബൈജു എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ പിടിച്ചതറിഞ്ഞ് വളപട്ടണത്തുനിന്നും പരിസര പ്രദേശങ്ങളില്‍നിന്നുമായി കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകള്‍ തിങ്കളാഴ്ച അതിരാവിലെ തന്നെ വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് ഒഴുകിയെത്തി. പുതിയതെരുവിലെ വ്യപാരിയും ട്രാഫിക് പോലീസിനെ ഗതാഗതനിയന്ത്രണത്തില്‍ സഹായിക്കുകയും ചെയ്യുന്ന നിധിന്‍ സുധാകരന്‍ സ്റ്റേഷനില്‍ ലഡു വിതരണം ചെയ്തു.
പോലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു
കണ്ണൂര്‍: വളപട്ടണം കവര്‍ച്ചക്കേസിലെ പ്രതിയെ കണ്ടെത്താനായത് പോലീസിന്റെ അന്വേഷണ മികവ് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാറിനയച്ച സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ആത്മാര്‍ഥതയോടെയും അര്‍പ്പണ മനോഭാവത്തോടെയും പോലീസിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: kannur valapattanam robbery case: ashraf biriyani rice brand owner ashraf's home looted by neighbor