നെഞ്ചുവിരിച്ച് നടന്നുവെന്ന 'കുറ്റം'; +1 വിദ്യാർഥിയുടെ തല സീനിയേഴ്‌സ് കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ചു

#News Desk
സീനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി
സീനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി

കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിയുടെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ച് പ്ലസ് ടു വിദ്യാർഥികളായ സീനിയേഴ്‌സ്. കണ്ണൂർ കൊളവല്ലൂർ പിആർഎം സ്‌കൂളിലെ വിദ്യാർഥിക്കാണ് ക്രൂരമായ റാഗിങ് നേരിടേണ്ടിവന്നത്. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പരിക്കേറ്റ വിദ്യാർഥിയുടെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ആറ് വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പോലീസ് കൊലക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.

നെഞ്ച് വിരിച്ചു നടക്കുന്നു എന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിയെ സീനിയേഴ്‌സ് മർദിച്ചത്. സ്‌കൂൾ കാന്റീനിൽ വെച്ച് പ്ലസ് ടു വിദ്യാർഥികൾ ഇത് ചോദ്യം ചെയ്തു. തുടർന്ന് ഇത് മർദനത്തിൽ കലാശിക്കുകയായിരുന്നു. കല്ലെടുത്ത് തലയ്ക്ക് ആഞ്ഞടിച്ചാണ് സീനിയേഴ്‌സ് വിദ്യാർഥിയെ പരിക്കേൽപ്പിച്ചത്. കുടുംബപരമായുള്ള ശാരീരിക പ്രകൃതം കാരണമാണ് കുട്ടി നെഞ്ച് വിരിച്ച് നടക്കുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.

സംഭവത്തിൽ നാൽപ്പതോളം വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരിൽ ആറുപേർ മാത്രമാണ് നേരിട്ട് കുട്ടിയെ ആക്രമിച്ചത്. ഇവരെയാണ് സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ബാക്കിയുള്ളവരിൽ പലരും ഇവരെ പ്രോത്സാഹിപ്പിക്കുകയും അവിടെ നിൽക്കുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് സ്‌കൂൾ അധികൃതർ പരിശോധിച്ചുവരികയാണ്.

Content Highlights: A Plus One student at PRM School in Kolavalloor, Kannur, suffered severe head injuries after six senior Plus Two students attacked him with a stone inside the canteen for 'walking with a puffed chest'. Police registered an attempted murder case.