കണ്ണൂരിൽ അക്രമകാരിയായ തെരുവുനായയെ തല്ലിക്കൊന്നവർക്കെതിരേ പോലീസ് കേസെടുത്തു

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഇരിട്ടി(കണ്ണൂർ): മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിൽ അക്രമകാരിയായ തെരുവുനായയെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ മുഴക്കുന്ന് പോലീസ് കേസെടുത്തു. തെരുവുപട്ടിയെ തല്ലിക്കൊന്ന് ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് കണ്ട തിരുവനന്തപുരം സ്വദേശി പാർവതി മുഴക്കുന്ന് പോലീസിൽ നൽകിയ പരാതിയിലാണ് കേസ്.

പോലിസിന് ഇ-മെയിലിൽ ലഭിച്ച പരാതിയിൽ പേരാവൂർ ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം മുഴക്കുന്ന് പോലീസ് അന്വേഷണം നടത്തി. പ്രാഥമികാന്വേഷണത്തിൽ പരാതിക്ക് ആസ്പദമായ സംഭവം നടന്നിട്ടുണ്ടെന്ന് തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.

പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പ്രതികളെക്കുറിച്ചുള്ള സൂചനകൾ ഒന്നും ലഭിച്ചില്ല. തെരുവുനായ ജനങ്ങളെ ആക്രമിച്ചിരുന്നു. ഒരാൾക്ക് കടിയേൽക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു നായയെ തല്ലിക്കൊന്നത്. ഇത് ആരോ രഹസ്യമായി മൊബൈലിൽ പകർത്തി. ഈ ദൃശ്യം പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുയും ചെയ്തു. ഇതാണ് പരാതിയിലേക്ക് നയിച്ചത്.

Content Highlights: A police case has been filed for the killing of a stray dog in Muzhakkunnu, Kannur., The action was based on a complaint after a video circulated on social media., The dog was reportedly aggressive and had previously attacked people., The case is registered under sections related to cruelty against animals.