ജപ്തി ഒഴിവാക്കാൻ സമ്മാനക്കൂപ്പൺ; കണ്ണൂർ സ്വദേശി 3 കോടി തട്ടിയതായി പരാതി, അന്വേഷണം വേണമെന്ന് കർമസമിതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കണ്ണൂർ: ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ പ്രതി അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലത്ത് ബെന്നി തോമസിനെതിരെ കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കർമസമിതി രംഗത്ത്. ഇതുസംബന്ധിച്ച് എസ്.പി.ക്ക് പരാതി നൽകിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഭാര്യയുടെ ചികിത്സയ്ക്കും വീടിന്റെ ജപ്തി ഒഴിവാക്കാനുമായാണ് സ്വന്തം വീട് ഒന്നാംസമ്മാനമാക്കി ബെന്നി സമ്മാനകൂപ്പൺ അച്ചടിച്ച് വില്പന നടത്തിയത്. 1500 രൂപയുടെ 10,000 ടിക്കറ്റ് വില്പന നടത്തുമെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ഡിസംബറിൽ നറുക്കെടുപ്പ് നിശ്ചയിച്ചതിന് തലേദിവസം പോലീസ് റെയ്ഡ് നടത്തി സമ്മാനക്കൂപ്പണും വിറ്റ കൂപ്പണുകളുടെ കൗണ്ടർ ഫോയിലും പിടിച്ചെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാൽ ഇതിന്റെ മറവിൽ 10000 ലധികം കൂപ്പണുകൾ അച്ചടിച്ച് വിറ്റ് മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കർമസമിതി ആരോപിക്കുന്നത്. പ്രവാസികളിൽ നിന്നടക്കം നിരവധിപേരിൽ നിന്ന് ഇതിന്റെ പേരിൽ പണം പിരിച്ചിട്ടുണ്ട്.

600 പേരാണ് കർമസമിതിയിൽ അംഗങ്ങളായിട്ടുള്ളത്. തട്ടിപ്പിന് ഇരയായവരുടെ എണ്ണം അതിന്റെ ഇരട്ടിയലധികമാണെന്നും ഇവർ പറയുന്നു. കേസിൽ പ്രതിയുടെ സ്വത്ത് കണ്ടുകെട്ടാനോ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാനോ നടപടിയുണ്ടായിട്ടില്ല. നിസാരശിക്ഷ ലഭിക്കാവുന്ന വിധത്തിൽ നിയമവിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ചതിന് മാത്രമാണ് കേസെടുത്തിരിക്കുന്നത്. സംഭവം അറിഞ്ഞെത്തിയ പരാതിക്കാരോട് കുറ്റപത്രം സമർപ്പിച്ചതിനാൽ കോടതിയിൽ കക്ഷിചേരാനാണ് പോലീസ് പറഞ്ഞത്. എന്നാൽ കൂടുതൽ പരാതിക്കാരും തെളിവുകളും ലഭിച്ച സ്ഥിതിക്ക് കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കർമസമിതി എസ്.പി.ക്ക് പരാതി നൽകിയിട്ടുള്ളത്. ഒരുവർഷം ടിക്കറ്റ് വിൽപ്പന നടത്തിയിട്ടും ലോട്ടറി വകുപ്പോ പോലീസോ നടപടിയെടുത്തിട്ടില്ല. നറുക്കെടുപ്പിന് തലേന്ന് നടപടിയെടുത്തത്‌ സംശയാസ്പദമാണെന്നും ഭാരവാഹികൾ പറഞ്ഞു.

ചികിത്സയുടെയും രോഗത്തിന്റെയും പേര് പറഞ്ഞാണ് വൻതുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പ്രതി പലതവണ പണം അയച്ചിട്ടുണ്ട്. വിദ്യാർഥിയായ മകളുടെ അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയാണ് പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഇതിനിടെ ജീവിക്കാൻ മാർഗമില്ലാത്തതിനാൽ സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണെന്ന് പറഞ്ഞുള്ള വീഡിയോയും പ്രതി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

രണ്ടാംസമ്മാനമായി ഉപയോഗിച്ച ജീപ്പ്, മൂന്നാംസമ്മാനമായി ഉപയോഗിച്ച കാർ, നാലാംസമ്മാനമായി പുതിയ ബുള്ളറ്റ് എന്നിവയും പ്രഖ്യാപിച്ചിരുന്നു. കൂപ്പൺ വിറ്റ തുക ഉപയോഗിച്ച് വീടിന്റെ ജപ്തി ഒഴിവാക്കിയതായാണ് അറിയുന്നത്. സമ്മാനമായി പ്രഖ്യാപിച്ച ജീപ്പ് വിൽപ്പന നടത്താനും പ്രതി ശ്രമിച്ചിരുന്നു. മുഴുവൻ അക്കൗണ്ടുകൾ മരവിപ്പിച്ച്‌ വീടും പണവും കണ്ടുകെട്ടി കൂടുതൽ അന്വേഷണം നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ കർമസമിതി വക്താവ് ടി.കെ. ഹാരിസ്, സെക്രട്ടറി പ്രവീൺ കൃഷ്ണ, എ.വി. ഷെമിൻ, ടി. പ്രശോഭ് എന്നിവർ പങ്കെടുത്തു.

Content Highlights: Action committee demands deeper investigation into an illegal lottery coupon scam in Kannur., Accused Benny Thomas allegedly printed and sold coupons worth over 3 crore rupees under the pretext of medical treatment and saving his house from attachment., Police raided and arrested the accused on the eve of the draw, but committee alleges a cover-up with minimal charges., Committee filed a petition with the Kannur SP to freeze all bank accounts and attach the properties of the accused.