കണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ CPM പ്രവർത്തകരായ പ്രതികൾ രക്ഷപ്പെട്ടു; പത്തുപേർക്കെതിരേ കേസ്

കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ സി.പി.എം. പ്രവർത്തകരായ പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ ദുരൂഹത. പെരളശ്ശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു. ഓടിപ്പോയ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല.
അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബി.ജെ.പി. പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു.
ചികിത്സയിലായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ സുഹൃത്തുകൾ ആശുപത്രിയിലെത്തി.
മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകാരെ പ്രതികളുടെ സുഹൃത്തുക്കൾ തടയുകയും ദേഹോപദ്രവം ഏൽപ്പിച്ച് രക്ഷപ്പെടാൻ അനുവദിക്കുകയുംചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ സുഹൃത്തുകൾ തന്ത്രപൂർവം പ്രതികളെ കടത്തിക്കൊണ്ടുപോയതായും ആരോപണമുണ്ട്. അനുമതിയില്ലാതെ ഇറങ്ങിപ്പോയതിന് ആശുപത്രി അധികൃതരും പരാതി നൽകിയിട്ടുണ്ട്.
Content Highlights: Two CPM workers escaped from a cooperative hospital in Kannur., The accused were undergoing treatment for injuries from a recent clash., Friends of the accused allegedly obstructed police officers on duty., Town Police have registered cases against eight individuals involved in the escape., Hospital authorities have also filed a complaint regarding the unauthorized exit.