ആശുപത്രിയിൽനിന്ന് മുങ്ങിയ പ്രതികളായ CPM പ്രവർത്തകരും സഹായിച്ചവരും പിടിയിൽ; പോലീസുകാർക്ക് സസ്‌പെൻഷൻ

കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലായിരിക്കെ രക്ഷപ്പെട്ട സി.പി.എം. പ്രവർത്തകരും രക്ഷപ്പെടാൻ സഹായിച്ച നാലുപേരും അറസ്റ്റിൽ.
രക്ഷപ്പെട്ട പെരളശ്ശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ്, സഹായിച്ച ഡി.വൈ.എഫ്.െഎ. എടക്കാട് ബ്ലോക്ക് സെക്രട്ടറി ടി.പി. നിവേദ്, കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് സനത് കുമാർ, എസ്.എഫ്.െഎ. ജില്ലാ കമ്മിറ്റിയംഗങ്ങളായ സായന്ത്, അഭിഷേക് എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ആറുപേർ ഒളിവിലാണ്. അതേസമയം സംഭവസമയത്ത് ആശുപത്രിയിൽ കാവലുണ്ടായിരുന്ന രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. വളപട്ടണം പോലീസ് സ്റ്റേഷനിലെ സുമിത്ത്, മിഥുൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
അഴീക്കോട് മൂന്നുനിരത്ത് ഭാഗത്ത് കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് അമലും ജിനേഷും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബി.ജെ.പി. പ്രവർത്തകരെ അക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു. ചികിത്സയിലായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിൽ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുകൾ എത്തിയിരുന്നു. മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകരുടെ കണ്ണുവെട്ടിച്ച് സുഹൃത്തുകൾ പ്രതികളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ആരോപണം. എന്നാൽ പോലീസുകാരെ ദേഹോപദ്രവം ഏൽപ്പിച്ച് രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.
Content Highlights: CPM workers Amal and Jinesh escaped from Kannur Cooperative Hospital., Four DYFI and SFI members arrested for facilitating the escape., Two police officers from Valapattanam station suspended for security lapse., The accused were originally detained for an assault case in Azheekode.