വ്യക്തിവിരോധം; യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു, വീട്ടുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സൂരജ് വി.നായർ, വീടിന് ഉള്‍വശം കത്തിനശിച്ച നിലയില്‍
സൂരജ് വി.നായർ, വീടിന് ഉള്‍വശം കത്തിനശിച്ച നിലയില്‍

കങ്ങഴ: വ്യക്തിവിരോധത്തെത്തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പത്തനാട് കിഴക്കേമുറിയിൽ സൂരജ് വി.നായരെ (37) കറുകച്ചാൽ പോലീസ് അറസ്റ്റുചെയ്തു.

പത്തനാട് കുടപ്പനക്കുന്നേൽ രാധാകൃഷ്ണപിള്ളയ്ക്ക്(64) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 9:45-ഓടെയായിരുന്നു സംഭവം. രാധാകൃഷ്ണപിള്ളയുടെ മകനോടുള്ള വിരോധത്തെത്തുടർന്ന് സൂരജ് അവരുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. സംഭവസമയം രാധാകൃഷ്ണപിള്ള മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മകനെ തിരക്കിയശേഷം ഇദ്ദേഹത്തെ മർദിക്കുകയും വീടിന് തീയിടുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രാധാകൃഷ്ണപിള്ളയെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുക്കള ഒഴികെ മുറികളും വീട്ടുപകരണങ്ങളും പൂർണമായി കത്തിനശിച്ചു. നാട്ടുകാരാണ് തീയണച്ചത്.

വിവരമറിഞ്ഞ് കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി സമീപത്തുണ്ടായിരുന്ന സൂരജിനെ അറസ്റ്റുചെയ്യുകയുമായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ സൂരജിന്റെ പേരിൽ പോലീസ് കാപ്പാ നടപടികൾ സ്വീകരിച്ചുവരുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. കറുകച്ചാൽ എസ്.എച്ച്.ഒ. എസ്. രാജേഷ്, എസ്.ഐ. ടി.എസ്. ജയകൃഷ്ണൻ, ജോൺസൺ, സി.പി.ഒ.മാരായ ജിബിൽ ലോബാ, സനൂജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Personal enmity led to an arson attack on a residence in Kangazha., The victim, Radhakrishnapillai, is currently hospitalized., Accused Suraj V. Nair is a known offender with pending KAAPA proceedings., Karukachal police successfully apprehended the suspect at the scene.