പുതിയ ഇറച്ചിക്കട വന്നതോടെ കച്ചവടം കുറഞ്ഞു, ഒഴിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗുണ്ടയായ ‘സൂര്യപുത്രി’ക്ക്; പ്രതി അറസ്റ്റില്‍

കണ്ടശ്ശാംകടവ്(തൃശ്ശൂര്‍): അങ്ങാടിയില്‍ ഇറച്ചി വില്‍പ്പനയുടെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സമീപത്തെ കച്ചവടക്കാരനെ ഒഴിപ്പിക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതി അറസ്റ്റില്‍. പടിയം സ്വദേശി പള്ളിപ്പാടന്‍ വീട്ടില്‍ ജസ്റ്റിനാ (38)ണ് അറസ്റ്റിലായത്. കണ്ടശ്ശാംകടവ് മാര്‍ക്കറ്റിനടുത്ത് 10 വര്‍ഷമായി പോര്‍ക്ക് കച്ചവടം നടത്തുന്ന ആളാണ് ജസ്റ്റിന്‍.
ജസ്റ്റിന്റെ കടയ്ക്ക് സമീപം കരിക്കൊടി സ്വദേശി മേനോത്തുപറമ്പില്‍ വീട്ടില്‍ ഹരീഷ് (ആനന്ദന്‍ -46) ഇറച്ചിക്കട ആരംഭിച്ചതോടെ ജസ്റ്റിന്റെ കച്ചവടം കുറഞ്ഞെന്ന് ആരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം പതിവായിരുന്നു. ഇതിന്റെ വൈരത്തിലാണ് ഹരീഷിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നതിനായി ജസ്റ്റിന്‍ ഗുണ്ടാസംഘങ്ങളെ ബന്ധപ്പെട്ടത്.
നിരവധി കേസുകളിലെ പ്രതികളായ സൂര്യപുത്രി എന്നറിയപ്പെടുന്ന സുനിത, നെടുപുഴ സ്വദേശി ജിത്തു എന്നിവര്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോയും പ്രചരിച്ചിരുന്നു. ഇത് ഹരീഷും കൂട്ടരും ചോദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എല്‍. ഷാജുവിന്റെ നേതൃത്വത്തില്‍ അന്തിക്കാട് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ വി.എം. കേഴ്‌സണ്‍, എസ്‌ഐ അഫ്‌സല്‍, ജിഎസ്‌ഐമാരായ കൊച്ചുമോന്‍ ജേക്കബ്, സജീവ്, ജിഎസ് സിപിഒ അജേഷ്, സിപിഒ രാമചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: Kerala police arrest a meat vendor in Thrissur for allegedly hiring a hit squad to attack a rival over a market dispute. Read the full story.