‘സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ലൈംഗികമായി വലിയ ക്രൂരതകാട്ടിയത് അമ്മു’; മൊഴി പുറത്ത്

#ന്യൂസ് ഡെസ്ക്
ശരണ്യ ശശി, വി.എസ്. സഞ്ജയ്
ശരണ്യ ശശി, വി.എസ്. സഞ്ജയ്

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ അതിജീവിതയായ യുവതി നേരിട്ടത് അതിക്രൂര പീഡനം. അമ്മു എന്ന പേരിൽ അറിയപ്പെടുന്ന ശരണ്യ അടക്കം ക്രൂര ലൈംഗിക പീഡനം നടത്തിയെന്നാണ് അതിജീവിതയുടെ മൊഴി. കൂട്ടത്തിൽ ഇവരാണ് ഏറ്റവും ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതെന്നും ഇരയായ യുവതി പോലീസിന് മൊഴിനൽകി. കേസിൽ അറസ്റ്റിലായ ശ്രീരാജ്, ജിത്തു മാർട്ടിൻ, ശരണ്യ, സഞ്ജു എന്നീ നാലു പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു. പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി.

അതിജീവിതയുടെ ഭർത്താവ് നേരത്തെ നൽകിയ വിവരങ്ങൾക്ക് പിന്നാലെ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്. ഏകദേശം ആറുമാസംമുൻപാണ് ശരണ്യയും സഞ്ജുവും കളമശ്ശേരിയിലെ ഈ സ്പായിലെത്തിയത്. ഇരുവരും തമ്മിലുള്ള ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. രാസലഹരി കലർത്തിനൽകിയാണ് പീനനത്തിനിരയാക്കിയതെന്ന് യുവതി മൊഴിനൽകിയിട്ടുണ്ട്. അതിനാൽതന്നെ ലഹരിവന്ന വഴി, പ്രതികളുടെ സെക്‌സ് റാക്കറ്റ് ബന്ധം ഗുണ്ടാ ബന്ധം തുടങ്ങിയവ ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

സംഭവത്തിനുശേഷം വലിയ ശാരീരിക-മാനസിക ആഘാതം നേരിടുന്ന യുവതി നിലവിൽ ചികിത്സയിലാണ്. മുപ്പതുകാരിയായ ശരണ്യയാണ് ഏറ്റവും ക്രൂരമായി ലൈംഗിക പീഡനം നടത്തിയതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. ഒരു സ്ത്രീ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് അതിജീവിത അവിടെയെത്തിയത്. എന്നാൽ, അവർതന്നെയാണ് ഏറ്റവും ക്രൂരമായ ലൈംഗികോപദ്രവമേൽപ്പിച്ചതെന്ന് യുവതി പറഞ്ഞു.

ചൊവ്വാഴ്ച രാത്രി വയനാട് പുൽപ്പള്ളി താഴെയങ്ങാടിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഞ്ജുവിനെയും ശരണ്യയെയും പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സബ് ഇൻസ്പെക്ടർ എം.സി. പവനന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

കേസിലെ ഒന്നാം പ്രതി കുനംതൈയിൽ സ്പാ നടത്തുന്ന ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ് (30), മൂന്നാം പ്രതി കളമശ്ശേരി തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാൻഡ് ചെയ്ത ഇരുവരെയും പോലീസ് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. അതേസമയം, സഞ്ജയ് യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഇവർ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെയ്ക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു.

സ്പായിൽ ജോലിനൽകാമെന്നുപറഞ്ഞ് അഭിമുഖത്തിന് വിളിച്ച് യുവതിയെ ലോഡ്ജിലെത്തിച്ച് ബലമായി മദ്യവും മയക്കുമരുന്നും നൽകിയശേഷമാണ് ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറയുന്നു. ഐസ്‌ക്രീമിൽ ലഹരിമരുന്ന് കലർത്തി നൽകിയാണ് ക്രൂരകൃത്യം നടത്തിയത്. സ്പായുടെ മറവിൽ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുനൽകുന്ന അനധികൃത റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ പ്രവർത്തിച്ചിരുന്ന സ്പായ്ക്ക് ലൈസൻസില്ല. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഗുണ്ടാ-ലഹരി ബന്ധങ്ങളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: Survivor identifies all four accused including Sharanya (Ammu) who played a brutal role in the abuse., Police investigation reveals drugs mixed in food to incapacitate the victim at an unlicensed spa., Key suspects Sanju and Sharanya were arrested from Wayanad by Pulpally police., Police are probing sex racket links, drug sources, and gang connections.