വ്യാജ ഡയറക്ടറും വ്യാജ ഡി.ഡി.യും; 37 ലക്ഷം തട്ടി, പെൺവാണിഭക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ

കാക്കനാട്: ഫ്രോസൺ ഫുഡ്സ് കയറ്റുമതി കമ്പനിയിൽ പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടിവരെ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലുപേരെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പള്ളിക്കൽ സ്വദേശി സുനിൽകുമാർ (48), തമിഴ്നാട് തിരുനെൽവേലി സ്വദേശി നിത്യചൈതന്യ സ്വാമി എന്നറിയപ്പെടുന്ന അനിൽകുമാർ (55), തിരുവല്ല സ്വദേശി ലതാ നായർ (60), ചിറയിൻകീഴ് സ്വദേശി സിന്ധു ദിലീപ് കുമാർ (52) എന്നിവരാണ് പിടിയിലായത്.
കാക്കനാട് സെസിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഡയറക്ടറെന്ന വ്യാജേനയാണ് സംഘം തിരുവനന്തപുരം സ്വദേശിയിൽനിന്ന് പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. സുനിൽകുമാറാണ് പരാതിക്കാരനെ സമീപിച്ചത്. കാക്കനാട്ടും പരിസരത്തും നടത്തിയ ചർച്ചകൾക്കു പിന്നാലെ പലതവണകളായി 37 ലക്ഷം രൂപ കൈപ്പറ്റി.
പണം തിരികെ ലഭിക്കാതായതോടെ പരാതിക്കാരൻ പ്രതികളെ സമീപിച്ചെങ്കിലും വ്യാജ ഡി.ഡി. നൽകി കബളിപ്പിക്കുകയായിരുന്നു. സുനിൽകുമാർ പണം കമ്പനിയിൽ നിക്ഷേപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലായത്.
പരാതിക്കാരനെ ഇന്ദു മേനോൻ എന്ന പേരിൽ പരിചയപ്പെട്ട ലതാ നായർ കിളിരൂർ പെൺവാണിഭക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കേസിൽ ഒളിവിലുള്ള ദിലീപ് കുമാറിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Content Highlights: A group of four individuals was arrested by Thrikkakara police for defrauding a person of 3.7 million rupees by promising high returns on investments in a frozen foods export company. The accused, posing as directors of the company, conducted multiple meetings in Kakkanad and its surroundings to gain the victim's trust and collected the money in installments.