കാഫിർ സ്ക്രീൻഷോട്ട്; തെളിവ് നശിപ്പിക്കാൻ ജിതിൻ ഫോൺ റീസെറ്റ് ചെയ്തു, ഫൊറൻസിക് ലാബിൽ പരിശോധിക്കും

വടകര: കാഫിർ സ്ക്രീൻഷോട്ട് കേസിൽ തെളിവു നശിപ്പിക്കുന്നതിനായി ജിതിൻ ഭാസ്കർ വിവാദസന്ദേശം അയച്ച ഫോൺ റീസെറ്റ് ചെയ്തെന്ന് ഫൊറൻസിക് റിപ്പോർട്ട്. പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലിൽ ജിതിൻ ഇത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാ ഫൊറൻസിക് സയൻസ് ലാബിൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഫോൺ റീസെറ്റ് ചെയ്തെന്നു വ്യക്തമായത്. റീസെറ്റ് ചെയ്താൽ ഫോണിലെ എല്ലാ ഫയലുകളും വിവരങ്ങളും മായ്ച്ചുകളയാനാകും. വാങ്ങിയസമയത്ത് ഫോൺ എങ്ങനെയാണോ ആ ആവസ്ഥയിലേക്കു മാറും.
ജിതിൻ ഫോൺ റീസെറ്റ് ചെയ്തെന്ന് വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ പരിശോധനയ്ക്കായി ഫോൺ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറൻസിക് ലാബിലേക്ക് അയക്കും. ഫോൺ നിലവിൽ കോടതിയിലാണുള്ളത്. കോടതിയുടെ അനുമതിയോടെയായിരിക്കും തുടർപരിശോധന. ജിതിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞയുടൻ ഇതിനായി പോലീസ് കോടതിക്ക് അപേക്ഷ നൽകും. തിരുവനന്തപുരത്തെ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ജിതിനെ വ്യാഴാഴ്ച കോടതി, പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു.
വെള്ളിയാഴ്ച റൂറൽ എസ്.പി. മെറിൻ ജോസഫ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ ജിതിനെ ചോദ്യംചെയ്തു. െഫാറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണു ചോദ്യംചെയ്യൽ. ചോദ്യംചെയ്യൽ ശനിയാഴ്ചയും തുടരും. ശനിയാഴ്ച വൈകീട്ട് തിരികെ കോടതിയിൽ ഹാജരാക്കും.
ഇതിനിടെ ജിതിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം. ശനിയാഴ്ച റൂറൽ എസ്.പി. ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Forensic report confirms Jithin Bhaskar reset his phone to erase evidence., The phone will be sent to the State Forensic Lab in Thiruvananthapuram., Police are currently questioning Jithin in custody., CPM has announced a protest march to the Rural SP office.