കടുവ സന്തോഷ് കൊലപാതകം; മകളെ കളിയാക്കിയതിലുള്ള പ്രതികാരം, പ്രതി കീഴടങ്ങി

ചേർത്തല: തണ്ണീർമുക്കം വെറുങ്ങിൻചുവട് പടിഞ്ഞാറെ വേലിക്കകത്ത് സന്തോഷ് (കടുവ സന്തോഷ്-53) കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി.
സമീപവാസിയായ പ്രാദേശിക കരാറുകാരൻ കരിക്കാട് അംബികാലയത്തിൽ പി.ആർ. ഐറിഷ് (48) ആണ് തിങ്കളാഴ്ച 10.50-ഓടെ ചേർത്തല സർക്കിൾ ഓഫീസിലെത്തി കീഴടങ്ങിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ഏതാനും ദിവസംമുൻപ് ഐറിഷിന്റെ മകളെ മരിച്ച സന്തോഷ് കളിയാക്കിയിരുന്നു. ഇതിൽ പോലീസിൽ പരാതി നൽകി. ഇതിന്റെപേരിൽ സന്തോഷ് ഐറിഷിന്റെ വീട്ടിലെത്തി ഭീഷണിമുഴക്കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകമെന്നാണു റിപ്പോർട്ട്. അഞ്ചിനു രാത്രി 11.42-ഓടെ കാറിൽ സന്തോഷിന്റെ വീടിനു സമീപത്തെത്തിയ ഐറിഷ് വീട്ടിൽ കിടപ്പുമുറിയിൽ കിടന്ന സന്തോഷിനെ മുളവടിക്ക് തലയ്ക്കും കാലിനും അടിച്ചിരുന്നു.
ആക്രമണത്തിൽ സന്തോഷ് കൊല്ലപ്പെട്ടു. ആക്രമണശേഷം കാറിൽ രക്ഷപ്പെട്ട ഐറിഷ് എട്ടുദിവസം ഒളിവിലായിരുന്നു. ഇതിനിടെ ജില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും പരിഗണിക്കുംമുന്നേ കീഴടങ്ങുകയായിരുന്നു. ആറിനു രാവിലെയാണ് സന്തോഷിനെ മർദനമേറ്റ മുറിവുകളോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തലയിൽ കീഴടങ്ങിയ ഐറിഷിനെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി.
തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നു. വായിൽനിന്നും മൂക്കിൽനിന്നും രക്തംവന്ന നിലയിലായിരുന്നു. അക്രമി അടിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന മുളവടി ഒടിഞ്ഞനിലയിൽ വീട്ടിൽനിന്നു കണ്ടെത്തിയിരുന്നു. തലയുടെ പിൻഭാഗത്ത് ചെവിക്കു സമീപമുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളതെന്ന് പോലീസ് അറിയിച്ചിരുന്നു. തെളിവെടുപ്പിനെത്തിച്ച പോലീസ് നായ വീടിനു മുന്നിലെ റോഡിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ സെയ്ന്റ് ജോസഫ് പള്ളി പാരിഷ് ഹാളിനു സമീപംവരെ എത്തിയശേഷം നിന്നു. വീടിന്റെ പരിസരത്തെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.
രണ്ടുവർഷമായി സന്തോഷിന്റെ ഭാര്യയും മക്കളും പിണങ്ങി മറ്റൊരു വീട്ടിലാണു താമസം. സമീപവാസികളുമായി സന്തോഷിന് കാര്യമായ ബന്ധമില്ലായിരുന്നു. കഴിഞ്ഞദിവസം സമീപവാസിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നുകാട്ടി കുട്ടിയുടെ വീട്ടുകാർ ഇയാൾക്കെതിരേ മുഹമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് സന്തോഷിനോട് ശനിയാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. ഞായറാഴ്ച(5/09/26) രാവിലെയും ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. സ്ഥിരം മദ്യപാനിയായ സന്തോഷ്, പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.