കുടുംബം ഉപേക്ഷിച്ച് വരാൻ ജോൺസൺ ആതിരയെ നിർബന്ധിച്ചു, പിന്നെ ഭീഷണി; ഒടുവിൽ കൊലപാതകം

കഴക്കൂട്ടം: വിവാഹിതനും മൂന്നു മക്കളുമുള്ള ജോൺസൺ ഇപ്പോൾ കുടുംബവുമായി വേർപിരിഞ്ഞാണു കഴിയുന്നത്. ദീർഘകാലം എറണാകുളത്തായിരുന്നു താമസം. ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിറയെ റീലുകളുണ്ട്.
ഇൻസ്റ്റഗ്രാം റീൽസ് വഴി തന്നെയാണ് ആതിരയുമായി അടുത്തത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാൻ ആതിരയെ ഇയാൾ നിർബന്ധിച്ചു.
ആതിര എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാൾക്ക് സാമ്പത്തികയിടപാടുകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ആതിരയെ ഇയാൾ ഭീഷണിപ്പെടുത്തിയ വിവരം ഭർത്താവ് രാജീവിനും അറിയാമായിരുന്നു.
സന്ദർശനം നേരത്തേയും
ഇടയ്ക്കിടെ പ്രതി കഠിനംകുളം പരിസരത്തു വന്ന് താമസിക്കാറുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പെരുമാതുറ ജങ്‌ഷനിലെ ഒരു കെട്ടിടത്തിലായിരുന്നു ഇവിടെ വരുമ്പോൾ ഇയാളുടെ താമസം. വിവിധ ജോലികൾക്കായി വന്നുവെന്നായിരുന്നു വീട്ടുടമയോടു പറഞ്ഞിരുന്നത്.
ജോൺസൺ ഔസേപ്പ് മോഷണക്കേസിലും പ്രതി
കഴക്കൂട്ടം: വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെ കഠിനംകുളത്തെ വീടിനുള്ളിൽ കൊലപ്പെടുത്തിയ പ്രതി ജോൺസൺ ഔസേപ്പ് കോട്ടയത്ത് പിടിയിലായപ്പോൾ വിഷം കഴിച്ച നിലയിലായിരുന്നു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ചയാണ് കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയായ ആതിരയെ കഴുത്തിനു കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്. ഇയാൾക്കെതിരേ മറ്റൊരു സ്ത്രീയെ ഉപദ്രവിച്ചതിനും മോഷണക്കുറ്റത്തിനും നേരത്തേ കേസുകളുള്ളതായി പോലീസ് പറയുന്നു
ചിങ്ങവനത്തിനടുത്ത് കുറിച്ചിയിൽ ഒരു വീട്ടിൽ ഹോംനഴ്‌സായി ജോലിചെയ്യുകയായിരുന്നു ജോൺസൺ. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോൾ വീട്ടുകാർക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പോലീസിനെ അറിയിക്കുകയുമായിരുന്നു.
വിഷം കഴിച്ചതായി ഇയാൾ പോലീസിനോടു പറഞ്ഞതിനെത്തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചു. ഇയാൾ വ്യാഴാഴ്ച രാവിലെതന്നെ വിഷം കഴിച്ചിരുന്നതായാണ് സൂചന.
ചൊവ്വാഴ്ച കൊലനടത്തിയശേഷം ഇയാൾ ചിറയിൻകീഴിലെത്തി തീവണ്ടിയിൽ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. യുവതി കൊല്ലപ്പെട്ട ദിവസം പ്രതി കത്തിയുമായിപ്പോകുന്നതിന്റെ തെളിവുകളും പോലീസിനു ലഭിച്ചിരുന്നു.
Content Highlights: Johnson blackmailed Athira to leave her Family, kadinamkulam case, Murder