കാമുകിയുടെ ഭർത്താവിനെ കുടുക്കാൻ കോഴിത്തീറ്റയെന്ന പേരിൽ കൊക്കെയ്ൻ; ഫോൺ നമ്പറിൽ പിടിവീണു, അറസ്റ്റ്

ന്യൂഡൽഹി: കാമുകിയുടെ ഭർത്താവിനെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോഴിവളർത്തൽ കേന്ദ്രം നടത്തുന്ന യുവാവിന്റെ പേരിൽ മയക്കുമരുന്നടങ്ങിയ കൊറിയർ അയച്ചാണ് ഭാര്യയുടെ കാമുകനായ ശ്രീനഗർ സൈനാക്കോട്ട് സ്വദേശി താരിഖ് അഹമ്മദ് സോഫിയുടെ പ്രതികാരം. ജമ്മുകശ്മീരിലെ ഗാന്ധർബാൽ ജില്ലയിലാണ് സംഭവം.
സഫാപോറയിലെ കോഴിവളർത്തൽ കേന്ദ്രത്തിലേക്ക് മയക്കുമരുന്നടങ്ങിയ പാഴ്‌സലെത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പാഴ്‌സൽ ഡെലിവറി കഴിഞ്ഞതിന് തൊട്ടുപിന്നാലെയെത്തിയ പോലീസ് സംഘം അത് പിടിച്ചെടുക്കുകയും യുവാവിനെ അറസ്റ്റുചെയ്യുകയും ചെയ്തു. കൊക്കെയിൻ, ചരസ്, ഡിക്ലോഫെനാക് ഗുളികകൾ എന്നിവയാണ് പാഴ്‌സലിലുണ്ടായിരുന്നത്.
യുവാവിനെ ചോദ്യംചെയ്തതോടെ സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുള്ളതായി പോലീസിന് സംശയമുണ്ടായി. മാസങ്ങൾക്ക് മുൻപാണ് ഇദ്ദേഹം വിവാഹിതനായത്. മുൻപ് വിവാഹം കഴിക്കരുതെന്ന് മുന്നറിയിപ്പുനൽകി സൗദി നമ്പറിൽനിന്ന് ഒരു ഫോൺ സന്ദേശം വന്നിരുന്ന കാര്യം യുവാവ് പോലീസിനെ അറിയിച്ചു. അതേ നമ്പറിൽനിന്നുതന്നെയാണ് ഷിപ്‌മെന്റ് വിവരങ്ങളും ലഭിച്ചിരുന്നത്. തുടർന്ന് ഭാര്യയെക്കൂടി ചോദ്യംചെയ്തതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
യുവതിയുടെ കോൾ റെക്കോഡുകൾ പരിശോധിച്ചതിലൂടെ താരിഖ് അഹമ്മദിന്റെ പങ്ക് പുറത്തുവന്നു. വിവാഹശേഷവും യുവതി താരിഖുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കാൺപുരിലെ സുഹൃത്ത് അരീബിന്റെ സഹായത്തോടെയാണ് താരിഖ് ഈ പദ്ധതി ആസൂത്രണം ചെയ്തത്.
കശ്മീരിൽനിന്ന് മയക്കുമരുന്നടങ്ങിയ പാക്കറ്റ് താരിഖ് ആദ്യം കാൺപുരിലേക്കയച്ചു. അവിടെനിന്ന് കോഴിത്തീറ്റയുടെ സാമ്പിളുകൾ എന്ന വ്യാജേന ഭർത്താവിന്റെ വിലാസത്തിൽ അയക്കാൻ അരീബിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിനെ അറിയിച്ച് യുവാവിനെ കുടുക്കാനായിരുന്നു നീക്കം.
നേരത്തേ വന്ന ഫോൺ സന്ദേശം അരീബിന്റെ നമ്പറിൽനിന്നായിരുന്നെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിനുശേഷം അരീബ് സൗദിയിലേക്ക് കടന്നതായും സൂചനയുണ്ട്.
Content Highlights: J&K Police uncovered a plot by a jilted lover to frame a newly married man in a drug case., A courier containing cocaine, charas, and diclofenac was sent disguised as poultry-feed samples from Kanpur., The suspect used a Saudi Arabia-based number to threaten the victim and coordinate the conspiracy., Call detail records of the man's wife helped investigators crack the case and arrest the main accused, Tariq Ahmad Sofi.