പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

#ന്യൂസ് ഡെസ്ക്
സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്ന ദൃശ്യത്തിൽനിന്ന്
സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്ന ദൃശ്യത്തിൽനിന്ന്

ഛത്ര: ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ ഗ്രാമവാസികൾ കൂട്ടംചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. 2023-ലെ മറ്റൊരു പീഡനക്കേസിൽ ജയിലിലായിരുന്ന ഇയാൾ, ജാമ്യത്തിലിറങ്ങിയ ശേഷം ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന്‌ ആരോപിച്ചാണ്‌ ജനക്കൂട്ടം അടിച്ചുകൊന്നത്‌. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തുപോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ രാത്രി മുഴുവൻ തിരഞ്ഞെങ്കിലും അവളെ കണ്ടെത്താനായില്ല.

ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ പെൺകുട്ടി താൻ നേരിട്ട ദുരനുഭവം വിവരിച്ചതോടെ, വീട്ടുകാർ അതേ ഗ്രാമത്തിൽ തന്നെയുള്ള പ്രതിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി ലാത്തികളും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ടാണ്ട്വ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്.ഡി.പി.ഒ) പ്രഭാത് രഞ്ജൻ ബർവാർ പറഞ്ഞു.

2023-ൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ജയിലിലായിരുന്നെന്നും അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നും എസ്.ഡി.പി.ഒ വ്യക്തമാക്കി. ക്രമസമാധാനം നിലനിർത്തുന്നതിനായി പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ഝാർഖണ്ഡ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ (ജെ.എസ്.എം.സി.) ആശങ്ക രേഖപ്പെടുത്തി.

നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും സംഭവത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും സ്റ്റേറ്റ് മൈനോറിറ്റി കമ്മീഷൻ ചെയർമാൻ ഹിദായത്തുള്ള ഖാൻ ആവശ്യപ്പെട്ടതായി ജെ.എസ്.എം.സി പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹം ഛത്ര ഡെപ്യൂട്ടി കമ്മീഷണറുമായും പോലീസ് സൂപ്രണ്ടുമായും സംസാരിക്കുകയും സംഭവത്തെക്കുറിച്ച് വിവരങ്ങൾ ആരായുകയും ചെയ്തു.

Content Highlights: Accused was previously imprisoned for a 2023 rape case. Victim reported a fresh abduction and rape incident in Chatra. Family members lynched the accused; three individuals have been arrested. Police have deployed forces to maintain law and order in the region. Jharkhand State Minority Commission has called for an impartial investigation.