തിരിച്ചടവ് മുടങ്ങിയതിന് പിടിച്ചെടുത്ത് മറിച്ചുവിറ്റ ജീപ്പ് കടത്തിക്കൊണ്ടുപോയി; പ്രതികൾ പിടിയിൽ

രാഹുൽ, ജോയ് മോൻ, അഭിജിത്ത്, ഉമർ ഉൾ ഫറൂക്ക്, മുഹമ്മദ്‌ ബാസിത്
രാഹുൽ, ജോയ് മോൻ, അഭിജിത്ത്, ഉമർ ഉൾ ഫറൂക്ക്, മുഹമ്മദ്‌ ബാസിത്

നെടുങ്കണ്ടം (ഇടുക്കി): തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് സ്വകാര്യ ഫിനാന്‍സ് കമ്പനി പിടിച്ചെടുത്ത് മറിച്ചുവിറ്റ ആഡംബര ജീപ്പ് കടത്തിക്കൊണ്ടുപോയ ആര്‍സി ഉടമയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റുചെയ്തു.

ആര്‍സി ഉടമ കൊല്ലം ബേബി വിലാസത്തില്‍ ജോയ്മോന്‍ (35), കൂട്ടാളികളായ ആലുവ ചില്ലിപ്പറമ്പില്‍ ഉമര്‍ ഉള്‍ ഫറൂക്ക് (24), നെടുമ്പാശ്ശേരി മേക്കാട് ആനന്ദഭവനില്‍ അഭിജിത്ത് (23), എറണാകുളം അടുവാശ്ശേരി സ്വദേശി രാഹുല്‍ (34), എറണാകുളം ദേശം കല്ലകോട്ടില്‍ മുഹമ്മദ് ബാസിത് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ മോഷണത്തിന് കേസെടുത്തു.

നെടുങ്കണ്ടം നെല്ലിമല വീട്ടില്‍ അന്‍സാരി സലിമിന്റെ വീടിനു സമീപം ഷെഡില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇവര്‍ കടത്തിക്കൊണ്ടുപോയത്. വാഹനത്തിന്റെ ഉടമ ഈരാറ്റുപേട്ട കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.എ.മുഹമ്മദ് സാജിദാണ്. ഇദ്ദേഹം അന്‍സാരി സലിമിന്റെ കാര്‍പോര്‍ച്ചില്‍ വാഹനം കൊണ്ടിട്ടതാണെന്ന് അറിയുന്നു.

പോലീസ് പറയുന്നത് ഇങ്ങനെ-സ്വകാര്യ കമ്പനിയില്‍നിന്ന് വായ്പ എടുത്താണ് ജോയ്മോന്‍ ജീപ്പ് വാങ്ങിയത്. തിരിച്ചടവ് മുടങ്ങിയതോടെ കോടതി ഉത്തരവുപ്രകാരം, വാഹനം സ്വകാര്യ ഫിനാന്‍സ് കമ്പനി പിടിച്ചെടുക്കുകയും അന്‍സാരിക്ക് വില്‍ക്കുകയുമായിരുന്നു.

വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറുന്നതിനുള്ള നടപടികളും തുടങ്ങി. ഇതിനിടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം പരിശോധിച്ച ജോയ്മോന്‍, ഇപ്പോഴും അത് തന്റെ പേരിലാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് വാഹനത്തിലെ ജിപിഎസ് പിന്തുടര്‍ന്ന് നെടുങ്കണ്ടത്ത് എത്തുകയും കടത്തിക്കൊണ്ടുപോകുകയുമായിരുന്നു.

അന്‍സാരി പരാതി നല്‍കിയതിനെത്തുടര്‍ന്ന്, കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെ നിര്‍ദേശാനുസരണം നെടുങ്കണ്ടം സിഐ ജര്‍ലിന്‍ വി. സ്‌കറിയ, എസ്ഐ ലിജോ പി. മണി, സിപിഒ അനീഷ്, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വാഹനം എറണാകുളത്തുനിന്നും കണ്ടെത്തിയത്.

പ്രതികളെ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നാണ് അറസ്റ്റുചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡുചെയ്തു.

Content Highlights: Five men arrested in Idukki for stealing a luxury jeep seized by a finance company