ജയലളിതയുടെ മരണം: അന്വേഷണം അവസാനഘട്ടത്തില്‍, പനീര്‍ശെല്‍വത്തെ ചോദ്യംചെയ്തത് മൂന്നരമണിക്കൂര്‍

ചിത്രം 1 & 2-  ഒ.പനീര്‍ശെല്‍വവും ജെ.ഇളവരശിയും അറുമുഖസ്വാമി കമ്മിഷനുമുന്നില്‍ ചോദ്യംചെയ്യലിനായി എത്തിയപ്പോള്‍. 3- ജയലളിത(ഫയല്‍ചിത്രം) Photo: Mathrubhumi & AFP
ചിത്രം 1 & 2- ഒ.പനീര്‍ശെല്‍വവും ജെ.ഇളവരശിയും അറുമുഖസ്വാമി കമ്മിഷനുമുന്നില്‍ ചോദ്യംചെയ്യലിനായി എത്തിയപ്പോള്‍. 3- ജയലളിത(ഫയല്‍ചിത്രം) Photo: Mathrubhumi & AFP

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച അന്വേഷണം അവസാനഘട്ടത്തിലേക്ക്. തിങ്കളാഴ്ച എ.ഐ.എ.ഡി.എം.കെ. കോ-ഓര്‍ഡിനേറ്റര്‍ ഒ. പനീര്‍ശെല്‍വവും വി.കെ. ശശികലയുടെ ബന്ധു ജെ. ഇളവരശിയും അറുമുഖസ്വാമി കമ്മിഷനുമുമ്പാകെ ഹാജരായി. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെപ്പറ്റിയും തനിക്ക് യാതൊന്നും അറിയില്ലെന്ന് പനീര്‍ശെല്‍വം മൊഴിനല്‍കിയതായാണ് വിവരം.

കമ്മിഷന്‍ മൂന്നരമണിക്കൂര്‍ അദ്ദേഹത്തെ ചോദ്യംചെയ്തു. 78 ചോദ്യങ്ങള്‍ ചോദിച്ചു. ചൊവ്വാഴ്ചയും അന്വേഷണം തുടരും. ജയലളിതയ്ക്ക് പ്രമേഹമുണ്ടെന്ന വിവരമൊഴിച്ചാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. അന്നത്തെ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ മുഖാന്തരം മാത്രമാണ് അവരുടെ ആരോഗ്യവിവരങ്ങള്‍ അറിയാനായത്. അപ്പോളോ ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറകള്‍ നീക്കംചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പനീര്‍ശെല്‍വം കമ്മിഷനെ അറിയിച്ചു.

ശശികലയ്‌ക്കെതിരേ 'ധര്‍മയുദ്ധം' പ്രഖ്യാപിച്ചതുമുതല്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതുവരെ താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. ജയലളിതയെ എവിടെ ചികിത്സിക്കണമെന്നതുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും തീരുമാനമെടുത്തിരുന്നത് അന്നത്തെ ആരോഗ്യമന്ത്രി വിജയഭാസ്‌കറും ആരോഗ്യവകുപ്പു സെക്രട്ടറി ജെ. രാധാകൃഷ്ണനും ചീഫ് സെക്രട്ടറി റാം മോഹന്‍ റാവുവും ചേര്‍ന്നാണെന്നും പനീര്‍ശെല്‍വം അറിയിച്ചു.

തെളിവെടുപ്പിനു ഹാജരാകാന്‍വേണ്ടി നേരത്തെ പനീര്‍ശെല്‍വത്തിനു പലതവണ സമന്‍സ് അയച്ചെങ്കിലും ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം വിട്ടുനിന്നിരുന്നു. അതേസമയം കമ്മിഷനു മുമ്പാകെ മൊഴിനല്‍കിയ ഇളവരശി, ആശുപത്രിയില്‍ ഒന്നോ രണ്ടോ തവണ മാത്രം കണ്ണാടിച്ചില്ലിലൂടെ തനിക്ക് ജയലളിതയെ കാണാനായിട്ടുണ്ടെന്നാണ് പറഞ്ഞത്. പനിയും നിര്‍ജലീകരണവും മൂലം 2016 സെപ്റ്റംബര്‍ 22-നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ദിവസത്തെ ചികിത്സയ്ക്കുശേഷം ഡിസംബര്‍ അഞ്ചിന് മരിച്ചു.

മരണത്തില്‍ ഒട്ടേറെ ദുരൂഹതകള്‍ ആരോപിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് 2017-ല്‍ അന്നത്തെ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ അന്വേഷണ കമ്മിഷനെ നിയമിച്ചത്. ഇതിനകം 154 പേരുടെ മൊഴി രേഖപ്പെടുത്തി. ശശികലപക്ഷത്തിന്റെ അഭ്യര്‍ഥന മാനിച്ച് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ എതിര്‍വിസ്താരം തുടരുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി കമ്മിഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും.

Content Highlights: jayalalitha death investigation