ഐവിന്റെ കൊലപാതകം: ഫോണ് പരിശോധനയ്ക്ക് അയക്കും, സിഐഎസ്എഫുകാരെ ജോലിയില്നിന്ന് പിരിച്ചുവിട്ടേക്കും

നെടുമ്പാശ്ശേരി (എറണാകുളം): ഐവിന് ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില് റിമാന്ഡിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂടുതല് അന്വേഷണങ്ങള്ക്കായി നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയില് വാങ്ങും. കൊച്ചി വിമാനത്താവളത്തില് ജോലി ചെയ്യുന്ന, ബിഹാര് സ്വദേശികളായ സബ് ഇന്സ്പെക്ടര് വിനയകുമാര് ദാസ് (38), കോണ്സ്റ്റബിള് മോഹന്കുമാര് (31) എന്നിവരാണ് തുറവൂര് സ്വദേശിയായ ഐവിന് ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ഇവരെ കസ്റ്റഡിയില് കിട്ടാന് അടുത്തദിവസംതന്നെ പോലീസ് അങ്കമാലി കോടതിയില് അപേക്ഷ നല്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നില്ല. കസ്റ്റഡിയില് വാങ്ങിയശേഷം ഇവരെ കൊണ്ടുപോയി തെളിവെടുക്കും.
കാര് ഉരസിയതിനെ തുടര്ന്ന് തര്ക്കമുണ്ടായ ഇടം മുതല് ഐവിന് കാറിന്റെ ബോണറ്റില്നിന്നും താഴെ വീണു കിടന്നിരുന്ന ഇടം വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങള് പോലീസ് ശേഖരിച്ചിട്ടുണ്ട്. വിനയകുമാര് ദാസിനെ സംഭവസ്ഥലത്ത് നാട്ടുകാര് തടഞ്ഞപ്പോള് കാറിലുണ്ടായിരുന്ന മോഹന്കുമാര് അവിടെനിന്നും എങ്ങനെ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മോഹന്കുമാര് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. എന്നാല് ഇയാളെ സിഐഎസ്എഫിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെത്തി രക്ഷപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.
രക്ഷപ്പെട്ട മോഹന്കുമാര് സിഐഎസ്എഫ് ക്വാര്ട്ടേഴ്സിലേക്കാണ് നേരേ പോയത്. പിറ്റേന്ന് രാവിലെ ജോലിയില് പ്രവേശിക്കുകയും ചെയ്തു. ക്രൂരമായ കൊലപാതകം നടത്തിയിട്ടും ഇയാള്ക്ക് എങ്ങനെ ജോലിയില് പ്രവേശിക്കാന് അനുമതിലഭിച്ചു എന്നും ആരാണ് ഇയാള്ക്ക് ഒത്താശ നല്കിയതെന്നും അന്വേഷിക്കുന്നുണ്ട്. ഡ്യൂട്ടി ക്രമീകരണം സംബന്ധിച്ച് സംസാരിക്കാന് കാറില് കമ്പനി കമാന്ഡറുടെ വീട്ടില്പോയി മടങ്ങുമ്പോഴാണ് സംഭവമുണ്ടായതെന്നാണ് ഇരുവരും മൊഴി നല്കിയിരിക്കുന്നത്. അതിനാല് കമ്പനി കമാന്ഡറുടെ മൊഴി പോലീസ് എടുക്കും. കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്ക്കത്തെ തുടര്ന്ന് ബുധനാഴ്ച രാത്രിയാണ് ഐവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര് കാറിടിപ്പിച്ചുകൊന്നത്.
കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് തുറവൂര് ആരിശ്ശേരില് ഐവിന് ജിജോയെ (24) പ്രതികള് മനപ്പൂര്വം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് റിമാന്ഡ് റിപ്പോര്ട്ട്. പ്രതികളായ സിഐഎസ്എഫ് എസ്ഐ വിനയകുമാര് ദാസ് (38), കോണ്സ്റ്റബിള് മോഹന്കുമാര് (31) എന്നിവര് ചോദ്യം ചെയ്യലില് കുറ്റം സമ്മതിച്ചതായി നെടുമ്പാശ്ശേരി പോലീസ് കോടതിയില് സമര്പ്പിച്ച റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. ബിഹാര് സ്വദേശികളായ ഇരുവരും കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരാണ്.
നെടുമ്പാശ്ശേരിയിലെ കാസിനോ എയര് കാറ്ററേഴ്സ് ആന്ഡ് ഫ്ളൈറ്റ് സര്വീസസിലെ ഷെഫായ ഐവിന് ജോലിസ്ഥലത്തേക്ക് തുറവൂരിലെ വീട്ടില്നിന്ന് കാറില് വരുന്നതിനിടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്ക്കമുണ്ടായത്. ഐവിന്റെ കാറില് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാര് ഉരസിയതായി പറയുന്നു. ഈ തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പോലീസ് എത്തിയിട്ടു പോയാല് മതിയെന്നു പറഞ്ഞ് ഐവിന് കാര് തടഞ്ഞു. ഇതോടെയാണ് കാര് ഇടിപ്പിച്ചത്. ഇത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു.
ബോണറ്റിലേക്കു വീണ ഐവിന് ജിജോയെ രക്ഷപ്പെടാന് അനുവദിക്കാതെ 600 മീറ്ററോളം കൊണ്ടുപോയി. ബ്രേക്കിട്ട് നിലത്തുവീഴ്ത്തിയ ശേഷം വീണ്ടും കാറിടിപ്പിച്ചു. അടിയില്പ്പെട്ട ഐവിനെ 37 മീറ്ററോളം റോഡിലൂടെ ഉരച്ചുകൊണ്ടുപോയി. ഗുരുതര പരിക്കേറ്റാണ് മരണം. പ്രതികള് ഇരുവരും ഒരുപോലെ കുറ്റക്കാരാണെന്ന് റിപ്പോര്ട്ടില് പറയുന്നു.
ഐവിന്റെ ഫോണ് പരിശോധനയ്ക്ക് അയക്കും
അങ്കമാലി: സിഐഎസ്എഫ് ഉദ്യോഗസ്ഥര് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ഐവിന് ജിജോയുടെ മെബൈല് ഫോണ് വിശദമായ പരിശോധനയ്ക്കായി ഫൊറന്സിക് ലാബിലേക്ക് അയക്കും. സിഐഎസ്എഫ് ഉദ്യോഗസ്ഥര് സഞ്ചരിച്ചിരുന്ന കാറിന്റെ ബോണറ്റില് നിന്നുമാണ് ഐവിന്റെ ഫോണ് പോലീസിന് ലഭിച്ചത്. ഈ ഫോണ് വിരലടയാളം പതിച്ചാണ് ലോക്ക് ചെയ്തിരിക്കുന്നത്. കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്ക്കമുണ്ടായതിനെ തുടര്ന്ന് ഐവിന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെയും അവര് സഞ്ചരിച്ചിരുന്ന കാറിന്റെയും വീഡിയോ മൊബൈല് ഫോണില് പകര്ത്തിയതായി പറയുന്നുണ്ട്. ഈ ദൃശ്യങ്ങളെല്ലാം വിശദമായി പരിശോധിക്കും. കൂടാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെയും ഐവിന്റെയും കോള് ലിസ്റ്റും പരിശോധിക്കും. സംഭവശേഷം സിഐഎസ്എഫ് ഉദ്യോഗസ്ഥര് ആരെയൊക്കയാണ് വിളിച്ചിരിക്കുന്നതെന്നും ആരെങ്കിലും ഇവര്ക്ക് ഒത്താശ ചെയ്തിട്ടുണ്ടോ എന്നും ഫോണ് കോള് പരിശോധിച്ച് കണ്ടെത്താന് ശ്രമിക്കും.
സിഐഎസ്എഫിന്റെ അന്വേഷണ റിപ്പോര്ട്ട് ഐജിക്ക് കൈമാറും
നെടുമ്പാശ്ശേരി: കേസില് പ്രതികളായ ഉദ്യോഗസ്ഥര്ക്കെതിരേയുള്ള സിഐഎസ്എഫിന്റെ അന്വേഷണ റിപ്പോര്ട്ട് ഐജിക്ക് കൈമാറും. സിഐഎസ്എഫ് ഡിഐജി (എയര്പോര്ട്ട് സൗത്ത് സോണ് ഹെഡ്ക്വാര്ട്ടേഴ്സ്) ആര്. പൊന്നിയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്ട്ട് തയ്യാറാക്കിയത്. ഇത് ഉടന് സിഐഎസ്എഫ് ഐജിക്ക് കൈമാറും. അസിസ്റ്റന്റ് ഇന്സ്പെക്ടര് ജനറല് ശിവ പാണ്ഡേ അന്വേഷണത്തിനായി നെടുമ്പാശ്ശേരിയിലെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില് വിശദമായ റിപ്പോര്ട്ട് തയ്യാറാക്കും. കൊച്ചി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പ്രതികളായ സബ് ഇന്സ്പെക്ടര് വിനയകുമാര് ദാസിനെയും കോണ്സ്റ്റബിള് മോഹന്കുമാറിനെയും സസ്പെന്ഡ് ചെയ്തിരിക്കുയാണ്. നടപടിക്രമങ്ങള് പൂര്ത്തിയാക്കി ഇരുവരെയും സര്വീസില്നിന്ന് പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന.
Content Highlights: ivin murder case cisf officials likely to be terminated from service