അന്ന് ചന്ദ്രബോസ്, ഇന്ന് ഐവിൻ; മനഃസാക്ഷിയെ മരവിപ്പിച്ച കൊലപാതകം വീണ്ടും

#രാജേഷ് ജോർജ്
ചന്ദ്രബോസ്, ഐവിൻ
ചന്ദ്രബോസ്, ഐവിൻ

കൊച്ചി: നിസ്സാര പ്രശ്നങ്ങളുടെ പേരിൽ മനഃപൂർവം കാറിടിപ്പിക്കുക. ഇടിയേറ്റു വീണ യുവാവ് കാറിന്റെ ബോണറ്റിൽ ഒരു കിലോമീറ്ററോളം ദൂരം പിടിച്ചുകിടക്കുക. ബോണറ്റിൽനിന്നു വീണ യുവാവ് കാറിന്റെ മുൻചക്രത്തിൽ കുടുങ്ങുകയും പിന്നീട് 20 മീറ്ററോളം വലിച്ചുകൊണ്ടുപോകുകയും ചെയ്യുക - സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് നെടുമ്പാശ്ശേരിയിൽ ബുധനാഴ്ച രാത്രി ഉണ്ടായത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് 24-കാരനായ ഐവിന്റെ ജീവനെടുത്തത്.

നിസ്സാര പ്രശ്നത്തിന്റെ പേരിൽ തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ വിവാദമായ കേസിനുശേഷം നടന്ന ക്രൂരമായ സംഭവങ്ങളിലൊന്നാണ് നെടുമ്പാശ്ശേരിയിലേത്. 2015 ജനുവരി 29-ന് പുലർച്ചെ മൂന്നുമണിയോടെയാണ് തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശ്ശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) മുഹമ്മദ് നിഷാം ജീപ്പിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചന്ദ്രബോസ് മരിച്ചു. കേസിൽ പ്രതി മുഹമ്മദ് നിഷാമിന് ജയിൽശിക്ഷ ലഭിച്ചിരുന്നു. നിഷാം വാഹനവുമായി എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്.

ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി മർദിച്ചെന്നായിരുന്നു കേസ്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചിരുന്നു.

Content Highlights: Dispute escalated to murder, chandrabose death, Ivin Jijo's death