വിഷംകലർത്തൽ, രാസപ്രയോഗങ്ങൾ; ISIS പരോക്ഷ ആക്രമണത്തിലേക്ക് തിരിയുന്നു? രഹസ്യാന്വേഷണ വിവരങ്ങൾ ഞെട്ടിക്കുന്നത്

#ന്യൂസ് ഡെസ്ക്
ഗുജറാത്തിൽ എടിഎസ് അറസ്റ്റുചെയ്ത ഭീകരർ
ഗുജറാത്തിൽ എടിഎസ് അറസ്റ്റുചെയ്ത ഭീകരർ

അഹമ്മദാബാദ്: ഇസ്ലാമിക് സ്റ്റേറ്റും (ഐഎസ്‌ഐഎസ്) അനുബന്ധ തീവ്രവാദ സംഘടനകളും ഭീകരാക്രമണത്തിൽ പുതിയ രീതികൾ സ്വീകരിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. പരമ്പരാഗത ബോംബാക്രമണം അടക്കമുള്ള ആക്രമണരീതികളിൽനിന്ന് മാറി പരോക്ഷമായ ഭീകരപ്രവർത്തനത്തിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്നാണ് ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞദിവസം ഗുജറാത്തില്‍നിന്ന് പിടികൂടിയ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍, പൊതുജല സ്രോതസ്സുകളിലും ക്ഷേത്രങ്ങളിലെ പ്രസാദങ്ങളിലും വിഷംകലര്‍ത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്.

പ്രത്യക്ഷ ഭീകരപ്രവർത്തനത്തിൽനിന്ന് പരോക്ഷമായ ആക്രമണ തീരികളിലേയ്ക്ക് മാറുന്ന ഈ തന്ത്രം വന്‍തോതില്‍ ആള്‍നാശത്തിന് ഇടയാക്കും എന്നതോടൊപ്പം, അതിനുമപ്പുറത്ത് വലിയ ഭീതിയും സാമൂഹിക വിപത്തുമുണ്ടാക്കുന്നതാണെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആവണക്കിന്‍ കുരുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന അതിമാരക വിഷമായ റിസിന്‍ ഉപയോഗിച്ചുള്ള ഒരു ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തിയതായി ഗുജറാത്ത് പോലീസ് അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞദിവസം ഗുജറാത്തില്‍നിന്നുള്ള എംബിബിഎസ് ബിരുദധാരിയായ ഡോ. അഹമ്മദ് മുഹിയദ്ദീന്‍ സെയ്ദിനെയും യുപിയില്‍നിന്നുള്ള കൂട്ടാളികളായ മുഹമ്മദ് സുഹൈല്‍, ആസാദ് സുലൈമാന്‍ സെയ്ഫി എന്നിവരേയും ഗുജറാത്ത് ഭീകരവിരുദ്ധ സേന പിടികൂടിയിരുന്നു. ഡല്‍ഹി, അഹമ്മദാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിലെ പൊതു ജലസ്രോതസ്സുകളിലും ക്ഷേത്രങ്ങളിലെ പ്രസാദത്തിലും റിസിന്‍ കലര്‍ത്തി വിഷലിപ്തമാക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

ഐസിസ്, ബോംബധിഷ്ഠിത കൈനറ്റിക് ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്ന് ജൈവ-രാസ, മാനസിക ഭീകരവാദത്തിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇതുസംബന്ധിച്ച നിരവധി രഹസ്യ വിവരങ്ങള്‍ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരിഭ്രാന്തി സൃഷ്ടിക്കുക, സര്‍ക്കാരില്‍ അവിശ്വാസമുണ്ടാക്കുക, വര്‍ഗീയ വികാരങ്ങളെ മുതലെടുക്കുക എന്നിവയാണ് ഇവർ ലക്ഷ്യംവെക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഭീകരാക്രമണങ്ങള്‍ക്കായി സാങ്കേതിക വൈദഗ്ധ്യമുള്ളവരെ റിക്രൂട്ട് ചെയ്യുന്നതിനെ 'മെഡിക്കല്‍ റാഡിക്കലൈസേഷന്‍' എന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിശേഷിപ്പിക്കുന്നത്. എളുപ്പം കണ്ടുപിടിക്കാനാവാത്ത മാര്‍ഗങ്ങളുപയോഗിച്ച് മനുഷ്യരെ രോഗബാധിതരാക്കുകയോ കൊല്ലുകയോ ആണ് ഭീകരരുടെ ലക്ഷ്യം. ഗുജറാത്തില്‍നിന്ന് പിടികൂടിയ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഈ കേസിൽ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: ISIS Shifts Tactics: From Bombs to Biochemical Threats, New Intelligence Warns