ഹരിയാന എഡിജിപി പൂരണ്‍ കുമാറിന്റെ മരണം; ജീവനെടുക്കാന്‍ പ്രേരിപ്പിച്ചത് ജാതി വിവേചനവും പീഡനവുമെന്ന് കുടുംബം

വെെ പൂരൺ കുമാർ
വെെ പൂരൺ കുമാർ

ന്യൂഡല്‍ഹി: ഹരിയാണ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി) വൈ. പൂരണ്‍ കുമാറിന്റെ മരണത്തിന് പിന്നില്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റമെന്ന് റിപ്പോര്‍ട്ട്. ചണ്ഡീഗഡിലെ സെക്ടര്‍ 11-ലെ വസതിയിലാണ് പൂരണ്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടത്തിയത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്  ജീവനൊടുക്കിയ നിലയിലായിരുന്നു.

പൂരണ്‍ കുമാറിന്റെ ഭാര്യയും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥയുമായ അംനീത് പി. കുമാറിന്റെ പരാതിയില്‍ റോഹ്തക് എസ്പി നരേന്ദ്ര ബിജാര്‍നിയയെ ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി. പൂരണ്‍ കുമാറിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചവരില്‍ ഒരാളാണ് ബിജാര്‍നിയയെന്ന് ഭാര്യ അംനീത് ആരോപിച്ചു.

നരേന്ദ്ര ബിജാര്‍നിയ കൂടാതെ, ഹരിയാണ ഡിജിപി ശത്രുജീത് കപൂര്‍ ഉള്‍പ്പെടെ 16 മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ പൂരണ്‍ കുമാര്‍ പരാമര്‍ശിച്ചിരുന്നുവെന്നും, ഇവര്‍ ദീര്‍ഘകാലമായി പീഡിപ്പിക്കുകയും പരസ്യമായി അപമാനിക്കുകയും ജാതീയ വിവേചനം കാട്ടുകയും ചെയ്തുവെന്ന് അംനീത് പരാതിയില്‍ പറയുന്നു.

അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ പദവി പരിഗണിക്കാതെ നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രതികരിച്ചു.

പൂരണ്‍ കുമാറിന്റെ വസതി സന്ദര്‍ശിച്ച ചണ്ഡീഗഡ് പോലീസ് മേധാവി സാഗര്‍ പ്രീത് ഹൂഡ, കുടുംബം പോസ്റ്റ്മോര്‍ട്ടത്തിന് സമ്മതം നല്‍കിയിട്ടില്ലെന്ന് പറഞ്ഞു. കുമാറിന്റെ ഭാര്യ ഉന്നയിച്ച വിഷയങ്ങള്‍ ‘അങ്ങേയറ്റം ഗൗരവത്തോടെ'ഏറ്റെടുക്കണമെന്ന് ഹരിയാന ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനോടും ചണ്ഡീഗഡ് ഭരണകൂടത്തോടും ആവശ്യപ്പെട്ടു.

2021 മെയില്‍ അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മനോജ് യാദവയ്ക്കെതിരെ അംബാല പോലീസ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നല്‍കുന്നത് ഉള്‍പ്പെടെ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പൂരണ്‍ കുമാര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, 1989 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ജാതിയുടെ പേരില്‍ തന്നെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

വാട്ട്സ്ആപ്പ് കോള്‍ വിവരങ്ങള്‍, ലോഗുകള്‍, ചാറ്റുകള്‍ എന്നിവയുള്‍പ്പെടെ തന്റെ മൊബൈല്‍ ഫോണിന്റെ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകള്‍ 2021-ല്‍ ചില പോലീസുകാരും ഉദ്യോഗസ്ഥരും നിയമവിരുദ്ധമായി പരിശോധിച്ചുവെന്ന് അവകാശപ്പെട്ട്, അനധികൃത നിരീക്ഷണത്തെക്കുറിച്ചും പൂരണ്‍ കുമാര്‍ ആശങ്ക ഉന്നയിച്ചിരുന്നു.

Content Highlights: Family of IPS officer Puran Kumar alleges caste discrimination and harassment by senior officials led to his death. Investigation underway, officials to face action.