ട്രെയിനിൽ മോഷണം: 14 മൊബൈൽഫോണുകളുമായി മറുനാടൻ സംഘം പിടിയിൽ

#ന്യൂസ് ഡെസ്‌ക്‌
പിടിയിലായ ബംഗാൾ സ്വദേശികൾ
പിടിയിലായ ബംഗാൾ സ്വദേശികൾ

കൊച്ചി: റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നിന്നും മൊബൈൽഫോണുകൾ മോഷ്ടിക്കുന്ന അന്തസ്സംസ്ഥാന സംഘത്തെ ആർ.പി.എഫ്. ക്രൈം ഇന്റലിജിൻസും എറണാകുളം ആർ.പി.എഫ്. യൂണിറ്റും റെയിൽവേ പോലീസും ചേർന്ന് പിടികൂടി. തൃശ്ശൂർ, ആലുവ, എറണാകുളം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഥിരമായി ട്രെയിനിൽനിന്ന് മൊബൈൽഫോണുകൾ മോഷ്ടിക്കുന്ന അന്തസ്സംസ്ഥാന മോഷ്ടാക്കളായ ബംഗാൾ സ്വദേശികളായ ബൽറാം നുനിയ, ഭവാനി മോഹൻ പാണ്ഡേ എന്നിവരാണ് പിടിയിലായത്. ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.

ഇവരിൽ നിന്നും ഏകദേശം അഞ്ചുലക്ഷം രൂപ വിലവരുന്ന 14 മൊബൈൽഫോണുകൾ കണ്ടെടുത്തു. ഒരാഴ്ചക്കാലമായി എറണാകുളം സൗത്ത്, ആലുവ, തൃശ്ശൂർ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്.

ആർ.പി.എഫ്. എറണാകുളം സൗത്ത് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, ക്രൈം ഇന്റലിജൻസ് ഇൻസ്‌പെക്ടർ ജിപിൻ എ.ജെ., ഇൻസ്‌പെക്ടർ കെ. ബാലൻ, എസ്.എച്ച്.ഒ. നിസാറുദ്ദീൻ, ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരായ എസ്.ഐ. പ്രെയ്സ് മാത്യു, എ.എസ്.ഐ. വിജയകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടകൂടിയത്. പ്രതികളെയും പിടികൂടിയ മൊബൈലുകളും കോടതിയിൽ ഹാജരാക്കി.

Content Highlights: Interstate gang arrested for mobile phone thefts in Kerala railway stations., 14 mobile phones worth 5 lakh rupees recovered., Joint operation by RPF Crime Intelligence, Ernakulam RPF, and Railway Police., Suspects targeted Aluva, Thrissur, and Ernakulam South stations.