വീടുകൾ കുത്തിത്തുറന്ന് കവർച്ച, കേരളത്തിലും തമിഴ്‌നാട്ടിലുമായി 140 കേസുകൾ; മോഷ്ടാക്കൾ പിടിയിൽ

ഗൂഡല്ലൂർ(തമിഴ്‌നാട്): നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിവന്ന അന്തർസംസ്ഥാന മോഷ്ടാക്കളെ ദേവർഷോല പോലീസ് പിടികൂടി. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് (46), വയനാട് കമ്പളക്കാട് സ്വദേശി ജോസ് (72) എന്നിവരാണ് പിടിയിലായത്. നീലഗിരി ജില്ലാ പോലീസ് സൂപ്രണ്ട് എ.എൻ. നിഷയുടെ നിർദ്ദേശപ്രകാരം രൂപവത്ക്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
ചേരമ്പാടി, ദേവർഷോല പോലീസ് സ്റ്റേഷൻ പരിധികളിലെ കോരഞ്ചാൽ, പൊൻവയൽ ഭാഗങ്ങളിലായി വീടുകുത്തിത്തുറന്ന് നടത്തിയ മോഷണങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ രണ്ടിടങ്ങളിലുമായി ഒമ്പതു വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചിരുന്നു.
സംസ്ഥാനാതിർത്തി പ്രദേശമായ കോരഞ്ചാലിൽ പ്രദീപിന്റെ വീട്ടിൽനിന്നു നാലുപവൻ ആഭരണങ്ങളും 25000 രൂപയും അൻസാറിന്റെ വീട്ടിൽനിന്നും മൂന്നു പവനും പതിനായിരം രൂപയും സത്യരാജിന്റെ വീട്ടിൽനിന്നു പതിനായിരം രൂപയും നഷ്ടപ്പെട്ടിരുന്നു. സമീപത്തുള്ള മാർക്കണ്ഡേയൻ, ഷാകിൽതോമസ്, ഫൈസൽ എന്നിവരുടെ വീടുകളും കുത്തിത്തുറന്ന് മോഷണശ്രമം നടന്നിരുന്നു.
മാർച്ച് 26-ന് ദേവർഷോല പൊൻവയലിൽ വീട് കുത്തിത്തുറന്ന് രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഖാലിദിന്റെ ഭാര്യ ഷൗബീനയുടെ മൂന്നു പവൻ സ്വർണാഭരണവും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചിരുന്നു. ആലവയലിൽ സമാനരീതിയിൽ സലീം തങ്ങളുടെ വീടും കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. ദേവൻ ഡിവിഷൻ രണ്ടിലെ ഒരു വീട്ടിലും അതേദിവസം മോഷണം നടത്തിയിരുന്നു.
മോഷണങ്ങൾ തുടർക്കഥയായതോടെ ഗൂഡല്ലൂർ ഡിവൈഎസ്പി കെ. വസന്തകുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ചേരമ്പാടി സിഐ. ചന്ദ്രശീലന്റെ നേതൃത്വത്തിൽ വിരലടയാളവിദഗ്ദരും പോലീസുമുൾപ്പെട്ട സംഘം ശാസ്ത്രീയമായി നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചത്.
മുഖംമൂടി ധരിച്ചെത്തിയാണ് പ്രതികൾ രാത്രിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളായ രണ്ടു പേരും ഈ ദിവസങ്ങളിൽ മോഷണം നടന്ന പ്രദേശങ്ങളിൽ എത്തിയിരുന്നതായി വ്യക്തമായി. പ്രതികൾക്കെതിരായ തെളിവുകളും ലഭിച്ചു. ഇത്തരത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
വയനാട് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ണൂരിൽവെച്ച് രണ്ട് പ്രതികളെയും പിടികൂടി. പിടിയിലായ രണ്ടു പേർക്കുമെതിരേ കേരളത്തിലും തമിഴ്നാട്ടിലുമായി 140-ലധികം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.
കവർച്ചക്കാരെ അതിവേഗം പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റിയ പ്രത്യേക അന്വേഷണ സംഘത്തെ നാട്ടുകാർ അഭിനന്ദിച്ചു. കൂടുതൽ പ്രതികൾ ഈ മോഷണ പരമ്പരയ്ക്കു പിന്നിലുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഗൂഡല്ലൂർ ഡിവൈ.എസ്.പി. വസന്തകുമാർ പറഞ്ഞു.
Content Highlights: Arrest of two interstate burglars in Nilgiris district., Special investigation team formed under SP A.N. Nisha., Suspects identified as Muhammad from Kannur and Jose from Wayanad., Targeted house robberies in Devarshola and surrounding areas.