കുഞ്ഞിനെ കൊന്ന് തൊഴുത്തിന്റെ മേൽക്കൂരയിൽവെച്ചു, നിർണായകമായത് DNA ടെസ്റ്റ്; റോസ്മേരിക്ക് ജീവപര്യന്തം തടവ്

#ന്യൂസ് ഡെസ്ക്
മുട്ടം കോടതിയിൽനിന്ന് ശിക്ഷാവിധി കേട്ടശേഷം പുറത്തേക്കുവരുന്ന റോസ് മേരി
മുട്ടം കോടതിയിൽനിന്ന് ശിക്ഷാവിധി കേട്ടശേഷം പുറത്തേക്കുവരുന്ന റോസ് മേരി

മുട്ടം (ഇടുക്കി): നവജാത ശിശുവിനെ കഴുത്തുഞെരിച്ചുകൊന്ന കേസിൽ അമ്മയ്ക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവനുഭവിക്കണം. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശി കുട്ടിയമ്മ എന്ന റോസ് മേരി(47) യെയാണ് ജില്ലാ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്.

2014 മേയ് 13-നാണ് സംഭവം. റോസ് മേരിയുടെ വീട്ടിലെ കന്നുകാലിത്തൊഴുത്തിന്റെ മേൽക്കൂരയിൽ കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞനിലയിലാണ് നവജാതശിശുവിനെ കണ്ടത്. അയൽവാസിയായ കൗമാരക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സംഭവം വാർഡംഗവും പരിസരവാസികളും അറിഞ്ഞു. ഉടൻ അടിമാലിയിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

കുഞ്ഞിന്റെ മരണത്തെക്കുറിച്ച് അറിയാത്ത രീതിയിലാണ് ആദ്യം റോസ് മേരി പെരുമാറിയത്. എന്നാൽ പോസ്റ്റുമോർട്ടം നടത്തിയ സർജൻ ഇത് ശിശുഹത്യയാണെന്ന് വ്യക്തമാക്കിയതോടെ റോസ് മേരി അറസ്റ്റിലായി.

ഭർത്താവ് ഉപേക്ഷിച്ചശേഷം തനിച്ചുകഴിയുകയായിരുന്ന റോസ് മേരി ഗർഭിണിയായി. രഹസ്യമായി വീട്ടിൽത്തന്നെ പ്രസവിച്ചു. ഉടൻ കുഞ്ഞിനെ കഴുത്ത് ഞെരിച്ചുകൊന്ന് കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് തൊഴുത്തിന്റെ മേൽക്കൂരയിൽ വെച്ചു.

ഇത് തന്റെ കുഞ്ഞല്ലെന്നും സംഭവത്തെക്കുറിച്ചറിയില്ലെന്നുമുള്ള നിലപാടിൽ റോസ്‌മേരി ഉറച്ചുനിന്നു. എന്നാൽ ഇത് കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സാക്ഷ്യപ്പെടുത്തി. കുഞ്ഞിന്റെ കഴുത്തിലെ ക്ഷതവും ആന്തരിക അവയവങ്ങളുടെ തകർച്ചയും കൊലപാതകത്തിലേക്ക് വിരൽചൂണ്ടി.

ഡി.എൻ.എ. ടെസ്റ്റിലൂടെ കുഞ്ഞ് റോസ്‌മേരിയുടേതാണെന്നും തെളിഞ്ഞു. തുടർന്ന് കുഞ്ഞിന്റെ അച്ഛനെക്കൂടി കണ്ടെത്തി പ്രതിയാക്കാൻ പോലീസും പ്രോസിക്യൂഷനും പരമാവധി ശ്രമിച്ചു. എന്നാൽ ഇത് വെളിപ്പെടുത്താൻ റോസ്‌മേരി തയ്യാറാകാഞ്ഞത് തടസ്സമായി.

പ്രസവാനന്തര ഡിപ്രഷനെന്ന വാദം ചൂണ്ടിക്കാട്ടി കേസിൽ ഇളവിന് പ്രതിഭാഗം ശ്രമിച്ചിരുന്നു. എന്നാൽ ഒരാഴ്ചയോളം നിരീക്ഷിച്ച മനശ്ശാസ്ത്രജ്ഞന്റെ റിപ്പോർട്ട് നിർണായകമായി. അസാമാന്യ മനക്കരുത്തുള്ളയാളാണ് റോസ്‌മേരിയെന്നായിരുന്നു റിപ്പോർട്ട്.

സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ഡി.എൻ.എ. ടെസ്റ്റും പോസ്റ്റുമോർട്ടം റിപ്പോർട്ടുമാണ് കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനെ സഹായിച്ചത്. ശിശുഹത്യാ കേസുകളേറെയും പ്രസവാനന്തര ഡിപ്രഷനെന്ന ഇളവിൽ ശിക്ഷിക്കപ്പെടാതെ പോവുകയാണ് ചെയ്യാറുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ് പറഞ്ഞു.

അഞ്ച് വർഷത്തിനിടെ ശിശുഹത്യയിൽ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ കേസാണിത്.ഇലപ്പള്ളിയിൽ രണ്ടുവയസ്സുകാരനെ കൊന്ന കേസിൽ യുവതിയെയാണ് മുമ്പ് ശിക്ഷിച്ചത്. ഇതിനുശേഷം ഏതാനും കേസുകൾ ശിക്ഷിക്കപ്പെടാതെ പോയി.

എല്ലാം മറച്ചുവെക്കാൻ ശ്രമിച്ചു; ഒടുവിൽ ശിക്ഷയേറ്റുവാങ്ങി റോസ് മേരി

#ജയൻ വാര്യത്ത്

മറയൂർ: പ്രസവിച്ചയുടൻ നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊന്നശേഷം പോലീസിനെയും മാധ്യമ പ്രവർത്തകരെയും വിളിച്ചുവരുത്തുവാൻ നിർദ്ദേശിച്ചത് റോസ് മേരി തന്നെയായിരുന്നു. വേറെ ആരോ പ്രസവിച്ച്‌ തന്റെ വീട്ടിൽ ഉപേക്ഷിച്ചിട്ട് കടന്നതാണ് എന്ന നിലപാടാണ് അവർ നാട്ടുകാരുമായി പങ്കുവെച്ചത്.

പോലീസിന്റെ ചോദ്യംചെയ്യലിൽ ഒരുവേള പോലും കുഞ്ഞിന്റെ അമ്മയാണ് എന്ന് റോസ് മേരി സമ്മതിച്ചിരുന്നില്ല. ഒടുവിൽ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുവാൻ പോലീസിന് ഡി.എൻ.എ. ടെസ്റ്റ് നടത്തേണ്ടി വന്നു.

ചൊവ്വാഴ്ചയാണ് കേസിൽ മറയൂർ സ്വദേശിനി റോസ് മേരിയെ കോടതി ശിക്ഷിച്ചത്. കേസിലെ സാക്ഷി മുൻപഞ്ചായത്തംഗം രവിചന്ദ്രനടക്കമുള്ളവർ മൊഴികളിൽ ഉറച്ചുനിന്നതാണ് റോസ് മേരിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാൻ കാരണമായത്.

ശിക്ഷ വിധിക്കുമ്പോൾ മലയാളത്തിൽ ജീവപര്യന്തം ശിക്ഷ എന്ന് പറഞ്ഞത് തമിഴ് വംശജയായ അവർക്ക് ആദ്യമണിക്കൂറിൽ മനസിലാകാത്തതിനാൽ നിർവികാരയായി നില്ക്കുകയായിരുന്നു. പിന്നെ ആരോ ‘ആയുർ ദണ്ഡനൈ’യാണ് ശിക്ഷയായി ലഭിച്ചത് എന്ന് തമിഴിൽ പറഞ്ഞപ്പോഴാണ് ശിക്ഷയുടെ കാഠിന്യം റോസ് മേരിക്ക് മനസ്സിലായത്.

Content Highlights: Rose Mary (47) sentenced to life imprisonment and fined Rs 50,000 for killing her newborn in 2014., The infant's body was found wrapped in a blanket on a cattle shed roof in Marayoor., Postmortem report and DNA test proved the baby belonged to the accused and died of strangulation., Defense plea of postpartum depression was rejected based on a psychologist's report.