പോർച്ചുഗലിൽ ജോലി, 1.5 ലക്ഷം ശമ്പളം; ഇന്ത്യൻ യുവതിയെ ബിയർ ഷോപ്പ് ഉടമയ്ക്ക് വിറ്റു; വൻ തട്ടിപ്പ്

ന്യൂഡൽഹി: ജോലി വാഗ്ദാനംചെയ്ത് പോർച്ചുഗലിൽ എത്തിച്ച 28 കാരിയെ ബിയർ ഷോപ്പ് ഉടമയ്ക്ക് 11 ലക്ഷം രൂപയ്ക്ക് വിറ്റതായി പരാതി. നാഗ്പുർ സ്വദേശിനിയായ യുവതിയെ ആണ് പൂണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'വീ മൈഗ്രേറ്റ്' എന്ന സ്ഥാപനം പോർച്ചുഗലിൽ എത്തിച്ചത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. വിദേശത്ത് പോകാനാണ് യുവതി സ്ഥാപനവുമായി ബന്ധപ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ കൂടിയായിരുന്നു ഇവർ വിവരങ്ങൾ തിരക്കിയത്. തുടർന്ന് ഏജൻസി ഇവരെ വിളിക്കുകയും 1.5 ലക്ഷം മാസവരുമാനമുള്ള ജോലി പോർച്ചുഗലിൽ തരപ്പെടുത്തിത്തരാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എട്ടു മണിക്കൂർ മാത്രം ജോലി ചെയ്താൽ മതിയെന്നും ഇവർ അറിയിച്ചിരുന്നു.
യുവതി സമ്മതമറിയിച്ചതിനെത്തുടർന്ന് വിസയ്ക്കും മറ്റുമായി 11 ലക്ഷത്തോളം രൂപ ഇൻസ്റ്റാൾമെന്റ് ആയി ഇവർ യുവതിയുടെ പക്കൽനിന്ന് വാങ്ങി. ശേഷം യുവതിയെ പോർച്ചുഗലിൽ എത്തിച്ചു. എന്നാൽ, അവിടെ എത്തിയതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന ഏജന്റുമാർ യുവതിയുടെ പാസ്പോർട്ട് പിടിച്ചുവെക്കുകയും രണ്ടു ദിവസം മുറിയിൽ പൂട്ടിയിടുകയും ചെയ്തു. പിന്നീട് യുവതിയെ ഒരു ബിയർ ഷോപ്പ് ഉടമയ്ക്ക് വിൽക്കുകയായിരുന്നു. തുടർന്ന് അവിടെ ജോലിചെയ്യാൻ യുവതിയെ നിർബന്ധിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. അവിടെവെച്ച് നിരന്തരം മാനസികമായും ശാരീരികമായും പീഡനം സഹിക്കേണ്ടിവന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.
തന്റെ പാസ്പോർട്ട് തിരികെ തരാൻ യുവതി ആവശ്യപ്പെട്ടെങ്കിലും അവർ കൂടുതൽ പണം ചോദിച്ചു. ഒരു മാസം നീണ്ട പീഡനത്തിനൊടുവിൽ അവിടെനിന്ന് യുവതി രക്ഷപ്പെടുകയായിരുന്നു. ലിസ്ബണിലേക്കാണ് ആദ്യം പോയത്. ബസ് വഴിയായിരുന്നു യാത്ര. അവിടെനിന്ന് മാഡ്രിഡിൽ എത്തി. തുടർന്ന് ദോഹ വഴി തരികെ നാട്ടിലേക്ക് വരികയായിരുന്നു.
ഇന്ത്യയിൽ എത്തിയതിന് പിന്നാലെ സ്ഥാപനം മൂന്ന് ലക്ഷം കൂടി യുവതിയോട് ആവശ്യപ്പെട്ടു. ഇത്തവണ മാൾട്ടയിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, യുവതി ഇത് നിരസിച്ചെങ്കിലും തട്ടിപ്പുകാർ ഭീഷണി തുടർന്നു. ഭർത്താവിനെ കൊലപ്പെടുത്തുമെന്നും വ്യാജ കേസിൽ കുടുക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പരാതിയുമായി പുണെ പോലീസിനെ സമീപിച്ചത്.
വി മൈഗ്രേറ്റ് എന്ന സ്ഥാപനം നടത്തിപ്പുകാർ ഉൾപ്പെടെ എട്ടുപേർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മനുഷ്യക്കടത്ത്, പിടിച്ചുപറി, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: Nagpur woman trafficked to Portugal by Pune-based 'We Migrate' agency., Victim was sold to a beer shop owner for 11 lakhs after passport seizure., Victim endured physical and mental abuse before escaping back to India., Agency demanded an additional 3 lakhs for a fake job offer in Malta., Pune Police registered an FIR against eight individuals for human trafficking and fraud.