പണം നൽകിയില്ലെന്ന് ആരോപണം; തായ്‌ലാൻഡിൽ ഇന്ത്യക്കാരന് ക്രൂരമർദനം; വളഞ്ഞിട്ട് തല്ലി ലൈംഗികത്തൊഴിലാളികൾ

ബാങ്കോക്ക്: തായ്‌ലാൻഡിൽ ഇന്ത്യക്കാരനായ വിനോദസഞ്ചാരിക്ക് ലൈംഗികത്തൊഴിലാളികളുടെ മർദനം. പട്ടായ വാക്കിങ് സ്ട്രീറ്റിൽവെച്ചാണ് ട്രാൻസ് വുമൺ ലൈംഗികത്തൊഴിലാളികൾ ഇന്ത്യക്കാരനെ സംഘംചേർന്ന് മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങളെന്ന പേരിൽ ചില വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഡിസംബർ 27-ന് പുലർച്ചെയാണ് സംഭവമുണ്ടായതെന്ന് പ്രാദേശിക മാധ്യമമായ 'തായ്‌ഖെർ' റിപ്പോർട്ട്‌ചെയ്തു. ലൈംഗികവൃത്തിയിലേർപ്പെട്ടതിനു ശേഷം പണം നൽകാതിരുന്നതാണ് മർദനത്തിന് കാരണമായതെന്നാണ് ആരോപണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
വിദേശിയായ വിനോദസഞ്ചാരിയെ മർദിക്കുന്നുവെന്ന വിവരമറിഞ്ഞാണ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. ഇദ്ദേഹത്തിന്റെ മുഖത്തും തലയിലും അടക്കം പരിക്കേറ്റിരുന്നു. സംഭവസ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും പ്രാദേശിക മാധ്യമം റിപ്പോർട്ട്‌ചെയ്തു.
ഒരു ട്രാൻസ് വുമണും ഇന്ത്യക്കാരനും തമ്മിലാണ് ആദ്യം തർക്കമുണ്ടായതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. തുടർന്ന് തർക്കം അടിപിടിയിലെത്തി. ഇതോടെ ട്രാൻസ് വുമൺ കൂടുതൽപേരെ വിളിച്ചുവരുത്തുകയും ഇവർ സംഘംചേർന്ന് ഇയാളെ മർദിക്കുകയുമായിരുന്നു. നിലത്തിട്ട് ചവിട്ടുന്നതും ചെരിപ്പ് കൊണ്ടടക്കം മർദിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങൾ സംബന്ധിച്ച ആധികാരികത ഉറപ്പുവരുത്താനായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.
Content Highlights: Shocking incident in Thailand: An Indian tourist was reportedly assaulted by a group of trans sex workers on Pattaya Walking Street. Video of the alleged attack is circulating online.