വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല; ദുരൂഹതയാരോപിച്ച് കുടുംബം

#ന്യൂസ് ഡെസ്ക്
മരിച്ച രാകേഷ് ചൗഹാന്‍ | Image credit: @FSUIINDIA X
മരിച്ച രാകേഷ് ചൗഹാന്‍ | Image credit: @FSUIINDIA X

ലഖ്‌നൗ: വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരാവയവങ്ങൾ കാണാനില്ലെന്ന് ആരോപണം. രാകേഷ് ചൗഹാൻ (33) എന്ന നാവികന്റെ മൃതദേഹം ഇന്ത്യയിൽ എത്തിച്ച് നടത്തിയ രണ്ടാമത്തെ പോസ്റ്റുമോർട്ടത്തിലാണ് ആന്തരികാവയവങ്ങൾ പലതും കാണാനില്ലെന്ന് കണ്ടെത്തിയത്. തലച്ചോറ്, ഹൃദയം, ശ്വാസകോശം ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങളൊന്നും ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പിന്നാലെയാണ് അദ്ദേഹത്തിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയത്.

മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടോ മറ്റ് ഔദ്യോഗിക രേഖകളോ വെനിസ്വേലൻ അധികൃതർ കൈമാറാത്തത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും നാവികന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും അവയവങ്ങൾ നീക്കം ചെയ്തതിലെ അസ്വാഭാവികതയും നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകളും ഉയർത്തിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശിയാണ് രാകേഷ് ചൗഹാൻ. മർച്ചന്റ് നേവി കപ്പലിൽ ജോലി ചെയ്തിരുന്ന രാകേഷ് മെയ് മാസത്തിൽ വെനസ്വേലയിൽവെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ മൃതദേഹം ഇന്ത്യയിലേക്ക് തിരിച്ചയച്ചപ്പോൾ മരണകാരണം വിശദീകരിക്കുന്ന ഔദ്യോഗിക രേഖകളോ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. രാകേഷിന്റെ ഭൗതികാവശിഷ്ടങ്ങൾ ദിയോറിയയിൽ എത്തിച്ചതിന് പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് രണ്ടാമതും പോസ്റ്റുമോർട്ടം നടത്തിയത്.

ദിയോറിയയിൽ എത്തിയ മൃതദേഹം പോലീസിന്റെ സാന്നിധ്യത്തിൽ ഡോക്ടർമാർ പരിശോധിച്ചു. നേരത്തെ പോസ്റ്റുമോർട്ടം നടത്തിയ ലക്ഷണങ്ങളുള്ളതിനാൽ ഔദ്യോഗിക ഉത്തരവില്ലാതെ വീണ്ടും മൃതദേഹം പരിശോധിക്കാൻ അവർ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് രണ്ടാമത്തെ പോസ്റ്റുമോർട്ടം നടത്തിയത്. 

ഈ പരിശോധനയിൽ ശരീരത്തിനുള്ളിൽ ആന്തരികാവയവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് FSUI എക്‌സിലൂടെ അറിയിച്ചു. തലച്ചോറ്, ഹൃദയം, രണ്ട് ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, പ്ലീഹ, പാൻക്രിയാസ്, ആമാശയം, കുടലുകൾ, തൈറോയ്ഡ്, തൊണ്ടയിലെ അസ്ഥി (Hyoid bone), ശ്വാസനാളം (Trachea), സ്വനപേടകം (Larynx) എന്നിവയെല്ലാം ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ട നിലയിലായിരുന്നുവെന്ന് യൂണിയൻ അവകാശപ്പെടുന്നു.

ശരീരത്തിൽ കഴുത്ത് മുതൽ അടിവയർ വരെ 22 തുന്നലുകളും, ഒരു ചെവി മുതൽ അടുത്ത ചെവി വരെ 21 തുന്നലുകളും ഉണ്ടായിരുന്നു. മെയ് ഏഴ് മുതൽ ജൂൺ അഞ്ച് വരെ, ഏകദേശം ഒരു മാസത്തോളം മൃതദേഹം ഡീപ് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹത്തിൽ മരണത്തിന് മുൻപ് എന്തെങ്കിലും തരത്തിലുള്ള പരിക്കുകൾ പറ്റിയതായി കാണുന്നില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആന്തരികാവയവങ്ങൾ ഒന്നുമില്ലാത്തതിനാൽ മരണകാരണം സ്ഥിരീകരിക്കാൻ ഡോക്ടർമാർക്ക് സാധിച്ചിട്ടില്ല.

രാകേഷിന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിക്കുന്നു. 2025 നവംബറിലാണ് രാകേഷ് ചൗഹാൻ എക്‌സ്ഫിനിറ്റി (Xfinity) എന്ന കമ്പനിവഴി ഒരു മർച്ചന്റ് നേവി കപ്പലിലെ ജീവനക്കാരനായി വെനസ്വേലയിലേക്ക് പോയത്. രാകേഷ് മരിച്ചതിന് പിന്നാലെ കമ്പനി തന്നെ വിവരം അറിയിച്ചതായും 60 ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നൽകിയതായും പിതാവ് രാം ദേവ് ചൗഹാൻ പറഞ്ഞു. എന്നാൽ മരണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അവർ പങ്കുവെച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു.

'ഞങ്ങളെ ഇരുട്ടിൽ നിർത്തുകയായിരുന്നു. വേനസ്വേലയിൽ അവർ ഒരു പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. എന്നാൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം നാട്ടിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റുമോർട്ടത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ലെന്നും മരണകാരണം കണ്ടെത്താനായില്ലെന്നുമാണ് വ്യക്തമായിരിക്കുന്നത്. കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നും അന്വേഷണം വേണമെന്നുമാണ് ഞങ്ങളുടെ ആവശ്യം.' അദ്ദേഹം പറഞ്ഞു.

കപ്പലിൽ വീണ് പരിക്കേറ്റ രാകേഷ് ചികിത്സയിലാണെന്നാണ് കമ്പനി ഉദ്യോഗസ്ഥർ ആദ്യം അറിയിച്ചതെന്ന് കുടുംബം പറയുന്നു. പിറ്റേന്ന് രാവിലെ, രക്ഷപ്പെടാൻ അഞ്ചു ശതമാനം മാത്രം സാധ്യതയേ ഉള്ളൂ എന്ന് അറിയിച്ചു. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയും വീഴ്ചയിലുണ്ടായ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നും കമ്പനി അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മൃതദേഹം വിട്ടുനൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ജൂൺ നാലിനാണ് (ഏകദേശം ഒരു മാസത്തിന് ശേഷം) ദിയോറിയയിൽ മൃതദേഹം എത്തിച്ചത്.

വെനസ്വേലൻ അധികൃതരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് വിശദീകരണം വേണമെന്നും ഇന്ത്യൻ എംബസി ഇടപെടണമെന്നും ഫെഡറേഷൻ ഓഫ് സീഫെയറേഴ്‌സ് യൂണിയൻ ഓഫ് ഇന്ത്യ  (എഫ്എസ്‌യുഐ) ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ അധികൃതരുടെ ഉത്തരവാദിത്വം, ഇന്ത്യൻ തൊഴിലാളികളോടുള്ള പെരുമാറ്റം, നടപടിക്രമങ്ങളിലെ സുതാര്യത എന്നിവയിൽ ഈ സംഭവം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് യൂണിയൻ വ്യക്തമാക്കി.

രാകേഷിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തുക, വെനസ്വേലൻ അധികൃതരിൽ നിന്ന് വിശദീകരണം തേടുക, ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടുക, പോസ്റ്റ്മോർട്ടം റിപ്പോർട്ടും മരണസാഹചര്യങ്ങളും പുറത്തുവിടുക, കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് എഫ്എസ്‌യുഐ ഉന്നയിച്ചിരിക്കുന്നത്. പരിശോധനയ്ക്കായി ആദ്യ പോസ്റ്റ്മോർട്ടം വേളയിൽ ആന്തരികാവയവങ്ങൾ നീക്കം ചെയ്യാറുണ്ടെങ്കിലും, വെനസ്വേലൻ അധികൃതരോ കമ്പനിയോ ഇതുവരെ റിപ്പോർട്ടുകളോ മരണകാരണമോ വിശദീകരിച്ചിട്ടില്ലെന്നും ഇത് കുടുംബത്തെ കടുത്ത ആശങ്കയിലാക്കുന്നുവെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.

Content Highlights: Indian seafarer Rakesh Chauhan died in Venezuela in May 2026. A second post-mortem in India revealed the absence of all major internal organs. The body arrived in Deoria with extensive surgical stitching. The Federation of Seafarers’ Unions of India (FSUI) is demanding an immediate government investigation. The family alleges lack of transparency from the shipping company, Xfinity.