കാമുകനെ ഉപേക്ഷിച്ച് മടങ്ങിവരണമെന്ന് ഭർത്താവ്, സാധ്യമല്ലെന്ന് ഭാര്യ; കുത്തിക്കൊലപ്പെടുത്തി, ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

ന്യൂഡൽഹി: സഹപ്രവർത്തകനുമായി പ്രണയത്തിലായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജൻ അമേരിക്കയിൽ അറസ്റ്റിൽ. കൊലപാതകത്തിനു ശേഷം ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഇയാൾ അറസ്റ്റിലായത്. വിസ്കോൺസിനിൽ താമസിച്ചിരുന്ന അങ്കൂർ പട്ടേൽ (31) ആണ് അറസ്റ്റിലായത്. 32-കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ചിക്കാഗോയിലെ ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസ് പിടിയിലായത്.
അങ്കൂർ പട്ടേലും ഭാര്യയും തമ്മിൽ മാസങ്ങളായി അകൽച്ചയിലായിരുന്നു. മെയ് മാസത്തിൽ വിസ്കോൺസിനിലെ വീട് ഉപേക്ഷിച്ച് ലൂസിയാനയിലേക്ക് മാറിയ ഭാര്യ, അവിടെ വെച്ച് തന്റെ മുൻ സഹപ്രവർത്തകനുമായി പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങുകയും ചെയ്തു. ഇവരുടെ മകൾ അങ്കൂറിനൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ അങ്കൂർ മകളെ അമ്മയുമായി സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. ഇതിനിടെ ഒരവസരം ഉണ്ടാക്കി ഭാര്യയെ അങ്കൂർ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയോട് സംസാരിക്കാമെന്ന വ്യാജേനയാണ് ഇയാൾ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. അതേസമയം കുട്ടിയെ ഇന്ത്യയിലേക്ക് അയച്ചിരുന്നു.
മകളെ കാണുന്നതിനായി പുതിയ പങ്കാളിക്കൊപ്പമാണ് ഭാര്യ എത്തിയത്. ചിക്കാഗോയിലെ അങ്കൂറിന്റെ അപ്പാർട്ട്മെന്റിലെത്തിയ ഭാര്യയ്ക്ക് കുട്ടിയെ അവിടെ കാണാൻ സാധിച്ചില്ല. കുട്ടി വീട്ടിലില്ലെന്ന് മനസ്സിലായതോടെ അങ്കൂറുമായി തർക്കമുണ്ടായി. തുടർന്ന് പുതിയ ബന്ധം ഉപേക്ഷിച്ച് തന്റെ കൂടെ തിരികെ വരണമെന്ന് അങ്കൂർ ഭാര്യയോട് പറഞ്ഞു. എന്നാൽ പങ്കാളിക്കൊപ്പമാണ് താൻ ജീവിക്കുന്നതെന്നും അതിന് സാധ്യമല്ലെന്നും ഭാര്യ പറഞ്ഞു. ഇതോടെ അങ്കൂർ കത്തിയെടുത്ത് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൂടെയെത്തിയ പങ്കാളി ഈ സമയം പുറത്ത് കാത്തിരിക്കുകയായിരുന്നു. ഇയാൾ ഒന്നും അറിഞ്ഞിരുന്നില്ല.
ഏറെ നേരമായിട്ടും യുവതി തിരികെ വരാതായതോടെ പുറത്ത് കാത്തുനിന്നയാൾ അവരെ അന്വേഷിച്ചിറങ്ങി. എന്നാൽ ഏത് അപ്പാർട്മെന്റിലേക്കാണ് യുവതി കയറിപ്പോയതെന്ന് ഇയാൾക്ക് നിശ്ചയമില്ലായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം കൃത്യം നടന്ന കത്തി ഉപേക്ഷിച്ച് അങ്കുർ പുതിയ വസ്ത്രങ്ങളും വാങ്ങി വിമാനത്താവളത്തിലേക്ക് തിരിച്ചു. എന്നാൽ ടിക്കറ്റ് കൗണ്ടർ അടച്ചതിനാൽ അന്ന് ഇന്ത്യയിലേക്ക് കടക്കാൻ സാധിച്ചില്ല. തുടർന്ന് തൊട്ടടുത്തുള്ള ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ഇയാൾ, അടുത്ത ദിവസം ടിക്കറ്റെടുത്ത് വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ യു.എസ്. പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്താൻ താൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നില്ലെന്നും എന്നാൽ തന്നോടൊപ്പം തിരിച്ചുവരാൻ വിസമ്മതിച്ച് പുതിയ പങ്കാളിക്കൊപ്പം ജീവിക്കുമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നും അങ്കൂർ പോലീസിനോട് സമ്മതിച്ചു. അങ്കൂർ പട്ടേലിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlights: Ankur Patel arrested at Chicago airport while trying to flee to India, Wife was stabbed to death after refusing to return to him, Victim was living with a new partner in Louisiana, Police charged the accused with first-degree murder