4400 കോടി രൂപയുമായി ഇന്ത്യന്‍ വംശജന്‍ മുങ്ങി; കബളിപ്പിക്കപ്പെട്ടത് ബ്ലാക്ക്‌റോക്ക് അടക്കമുള്ള വന്‍കിട സ്ഥാപനങ്ങള്‍

ബങ്കിം ബ്രഹ്‌മഭട്ട്| Photo: instagram.com/p/BtpDjdcDm40
ബങ്കിം ബ്രഹ്‌മഭട്ട്| Photo: instagram.com/p/BtpDjdcDm40

ന്യൂയോർക്ക്: വ്യാജ ഇ മെയിൽ വിലാസത്തിലൂടെ ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്റോക്കിനെയും ലോകത്തെ വൻകിട ബാങ്കായ ബിഎൻപി പാരിബയേയും കബളിപ്പിച്ച് ഇന്ത്യൻ വംശജനായ ബങ്കിം ബ്രഹ്‌മഭട്ട് 500 മില്യൻ ഡോളറിന്റെ(4400 കോടി രൂപ) വായ്പ കൈക്കലാക്കി മുങ്ങിയതായി റിപ്പോർട്ട്.

ടെലികോം എക്‌സിക്യൂട്ടീവ് ബങ്കിം ബ്രഹ്‌മഭട്ട് ആസൂത്രണം ചെയ്ത തട്ടിപ്പിൽ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ബ്ലാക്ക്റോക്കിന്റെ പ്രൈവറ്റ്-ക്രെഡിറ്റ് നിക്ഷേപ വിഭാഗവും മറ്റ് പ്രമുഖ വായ്പാദാതാക്കളും ശ്രമിച്ചുവരികയാണ്.

ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയ്‌സ് എന്നീ ടെലികോം സേവന സ്ഥാപനങ്ങളുടെ ഉടമയായ ബ്രഹ്‌മഭട്ട് വലിയ വായ്പകൾക്ക് ഈടായി നൽകിയ ഇൻവോയ്‌സുകളും അക്കൗണ്ട്‌സ് റിസീവബിൾസും വ്യാജമായി നിർമ്മിച്ചതായിരുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഓഗസ്റ്റിൽ അമേരിക്കയിൽ ഫയൽ ചെയ്ത കേസിൽ, ബ്രഹ്‌മഭട്ടിന്റെ കമ്പനികൾ കടലാസിൽ മാത്രമാണ് സാമ്പത്തിക ഭദ്രത രേഖപ്പെടുത്തിയിരുന്നത്. വായ്പയിലൂടെ ലഭിച്ച പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കും കടത്തിയതായാണ് കരുതുന്നത്.

ബ്രഹ്‌മഭട്ടിന്റെ സ്ഥാപനങ്ങൾക്ക് എച്ച്പിഎസ് ഇൻവെസ്റ്റ്മെന്റ് നൽകിയ വായ്പകൾക്ക് ഫ്രഞ്ച് മൾട്ടിനാഷണൽ ബാങ്കായ ബിഎൻപി പാരിബ സാമ്പത്തിക സഹായം നൽകിയെന്ന് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. യൂറോപ്പിലെ ഏറ്റവും വലിയ വായ്പാദാതാക്കളിൽ ഒന്നായ ഈ ഫ്രഞ്ച് ബാങ്ക് പക്ഷെ, ഇതുവരെ പരസ്യ പ്രതികരണത്തിനു തയ്യാറായിട്ടില്ല.

പ്രൈവറ്റ്-ക്രെഡിറ്റ് വിപണിയിലേക്കുള്ള വിപുലീകരണത്തിന്റെ ഭാഗമായി ഈ വർഷം ആദ്യമാണ് എച്ച്പിഎസ് ഇൻവെസ്റ്റ്മെന്റ് പാർട്ണേഴ്സിനെ ബ്ലാക്ക്റോക്ക് ഏറ്റെടുക്കുന്നത്. 2020 സെപ്റ്റംബർ മുതൽ ബ്രഹ്‌മഭട്ടുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്ക് എച്ച്പിഎസ് വായ്പ നൽകാൻ തുടങ്ങി. 2021-ൽ 385 മില്യൺ ഡോളർ വായ്പ നൽകിയെങ്കിൽ 2024 ഓഗസ്റ്റോടെ മൊത്തം നിക്ഷേപം 430 മില്യൺ ഡോളറായി ഉയർന്നു.

ബ്രഹ്‌മഭട്ടിന്റെ ടെലികോം ശൃംഖലയിലെ കമ്പനികളായ കാരിയോക്‌സ് ക്യാപിറ്റലിനും അനുബന്ധ സ്ഥാപനങ്ങൾക്കും വായ്പ നൽകിയ തുകയുടെ പകുതിയോളം ബിഎൻപി പാരിബയാണ് നൽകിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കാരിയോക്‌സിന്റെ ആസ്തികൾ ഉറപ്പുവരുത്താനും ഓഡിറ്റുകൾക്കുമായി രണ്ട് ഏജൻസികളെ(ഡിലോയിറ്റ്, സിബിഐസെഡ്) എച്ച്പിഎസ് നിയമിച്ചിരുന്നു. ഇവർക്കും പിഴവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നോ അല്ലെങ്കിൽ ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ തട്ടിപ്പിനു കൂട്ടുനിന്നുവെന്നോ സംശയിക്കണം.

2025 ജൂലൈയിൽ ഇൻവോയ്‌സുകൾ പരിശോധിക്കാൻ ഉപയോഗിച്ച ഇ-മെയിൽ വിലാസങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഈ വിലാസങ്ങളിൽ പലതും യഥാർത്ഥ ടെലികോം കമ്പനികളെ അനുകരിക്കുന്ന വ്യാജ ഡൊമെയ്നുകൾ ആയിരുന്നു. ഉപഭോക്താക്കളിൽനിന്നെന്ന് കരുതിയ ചില കത്തിടപാടുകൾ വ്യാജമായി നിർമ്മിച്ചതായിരുന്നുവെന്നും കണ്ടെത്തി.

എച്ച്പിഎസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ ബ്രഹ്‌മഭട്ട് ഒഴിഞ്ഞുമാറുകയും ഫോൺ കോളുകൾക്ക് മറുപടി നൽകാതിരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലുള്ള ബ്രഹ്‌മഭട്ടിന്റെ കമ്പനികളുടെ ഓഫീസുകൾ ഇതിനകം പപൂട്ടിയിരുന്നു. ഗാർഡൻ സിറ്റിയിലെ ബ്രഹ്‌മഭട്ടിന്റെ വസതിയിൽ അഞ്ച് ആഡംബര കാറുകൾ ഉണ്ടായിരുന്നെങ്കിലും താമസക്കാർ ആരും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ രണ്ട് വർഷമായി ഇൻവോയ്‌സുകൾ പരിശോധിക്കുന്നതിനായി ബ്രഹ്‌മഭട്ടിന്റെ സ്ഥാപനങ്ങൾ നൽകിയ ഇമെയിലുകൾ വ്യാജമായിരുന്നുവെന്നും, 2018 മുതലുള്ള ചില കരാറുകൾ വ്യാജമായി നിർമ്മിച്ചതാണെന്നും എച്ച്പിഎസ് നിയോഗിച്ച അന്വേഷണ ഏജൻസികൾ കണ്ടെത്തി.

Content Highlights: An Indian-origin executive reportedly defrauded global giants like BlackRock and BNP Paribas of $500M (₹4400 Cr) using fake emails. Recovery efforts are underway.