വർക്കലയിൽ സ്പാകളിൽ മിന്നൽ പരിശോധന; നടത്തിപ്പുകാരിയും ഇടപാടുകാരുമുൾപ്പെടെ 5 പേർ അറസ്റ്റിൽ, 5 സ്പാകൾ പൂട്ടിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

തിരുവനന്തപുരം: വർക്കലയിലും പരിസരപ്രദേശങ്ങളിലും സ്പാകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ അഞ്ച് സ്പാകൾ പൂട്ടിച്ചു. വർക്കല, അയിരൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ 12 സ്പാകളിലാണ് ഒരേസമയം മിന്നൽ പരിശോധന നടത്തിയത്. മതിയായ ലൈസൻസും അനുബന്ധ രേഖകളുമില്ലാതെ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾ പൂട്ടിക്കുകയും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

ഇടവ കാപ്പിലിൽ വാടകയ്‌ക്കെടുത്ത ഹോംസ്റ്റേ കേന്ദ്രീകരിച്ച് സ്പാ എന്ന പേരിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയിൽ ഇടവ സ്വദേശി നദീറ, പോണ്ടിച്ചേരി സ്വദേശിനി രഞ്ജിനി, ആറ്റിങ്ങൽ സ്വദേശി അമൽ ബാബു, ഓടയം സ്വദേശി നസൂറ, ഓട്ടോ ഡ്രൈവറായ കുരയ്ക്കണ്ണി സ്വദേശി നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ഥാപനത്തിന്റെ നടത്തിപ്പുകാരി, ഇടപാടുകാരെ ഓട്ടോറിക്ഷയിലും മറ്റുമായി എത്തിച്ചിരുന്ന ഏജന്റ്, ഇടപാടുകാർ എന്നിവർ ഉൾപ്പെടെയാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അനാശാസ്യ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വർക്കല ഡിവൈ.എസ്.പി. പി.വി. രമേഷ് കുമാർ നടത്തിയ വാർത്താസമ്മേളനത്തിലാണ് പരിശോധനയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണി ഐ.പി.എസ്സിന്റെ നിർദേശപ്രകാരമാണ് വർക്കല സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് മിന്നൽ പരിശോധന നടത്തിയത്. സ്പാകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പരിശോധനയിൽ അഞ്ച് സ്പാകൾ കൊമേഴ്‌സ്യൽ ലൈസൻസോ മറ്റ് ആവശ്യമായ രേഖകളോ ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. തുടർന്നാണ് ഇവ പൂട്ടിക്കാൻ നടപടി സ്വീകരിച്ചത്. മതിയായ രേഖകളില്ലാത്തതും മറ്റ് നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഏഴ് സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. വർക്കലയിലെ വിനോദസഞ്ചാര മേഖല കേന്ദ്രീകരിച്ച് സ്പാകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള വിവരങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് വ്യക്തമാക്കി.

വർക്കലയിൽ 'സ്പാ' എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ്, രജിസ്‌ട്രേഷൻ, മറ്റ് അനുബന്ധ രേഖകൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്. രണ്ടാഴ്ച മുമ്പും വർക്കലയിലും പരിസരപ്രദേശങ്ങളിലും സ്പാകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും വ്യാപക പരിശോധന സംഘടിപ്പിച്ചത്. മുൻ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലുള്ള നടപടികളും ഊർജിതമാക്കിയിട്ടുണ്ട്.

നിയമാനുസൃതമായ ലൈസൻസുകളും ആവശ്യമായ രേഖകളുമുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതി നൽകൂവെന്ന് ഡിവൈ.എസ്.പി. പി.വി. രമേഷ് കുമാർ വ്യക്തമാക്കി. സ്പാകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങളോ മറ്റ് നിയമവിരുദ്ധ ഇടപാടുകളോ നടക്കുന്നതായി കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: Police conducted a raid in Varkala and surrounding areas, shutting down five spas operating without proper licenses and issuing notices to seven others for not adhering to legal standards. Five individuals were arrested for running illicit activities under the guise of a spa, with charges filed under the Immoral Traffic (Prevention) Act. Authorities emphasized strict enforcement against illegal operations, with ongoing inspections to ensure compliance with licensing and legal requirements.