വാരാണസി ഐ.ഐ.ടി.യില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗംചെയ്ത സംഭവം; മൂന്നുപ്രതികള്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനി അതിക്രമത്തിനിരയായ സംഭവത്തില്‍ ഐ.ഐ.ടി. കാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ | ഫയല്‍ചിത്രം | Photo: twitter.com/fmc_weekend
വിദ്യാര്‍ഥിനി അതിക്രമത്തിനിരയായ സംഭവത്തില്‍ ഐ.ഐ.ടി. കാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ | ഫയല്‍ചിത്രം | Photo: twitter.com/fmc_weekend

വാരാണസി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കാംപസിലെ ഐ.ഐ.ടി. വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍. വാരാണസി സ്വദേശികളായ കുനാല്‍ പാണ്ഡെ, ആനന്ദ് എന്ന അഭിഷേക് ചൗഹാന്‍, സക്ഷാം പട്ടേല്‍ എന്നിവരെയാണ് വാരാണസി ലങ്ക പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും കേസുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ ഉടന്‍പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു. 

നവംബര്‍ ഒന്നാംതീയതി രാത്രിയാണ് സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിനിരയായത്. രാത്രി ഹോസ്റ്റലില്‍നിന്ന് സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ മൂന്നംഗസംഘം ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വായപൊത്തി വലിച്ചിഴച്ച് കൊണ്ടുപോയ പ്രതികള്‍, വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയുംചെയ്തു. ഫോണ്‍നമ്പര്‍ നിര്‍ബന്ധിച്ച് വാങ്ങി, ഏകദേശം 15 മിനിറ്റിന് ശേഷമാണ് പ്രതികള്‍ വിദ്യാര്‍ഥിനിയെ വിട്ടയച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. 

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കൂട്ടബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്. അതിക്രമത്തിന് പിന്നാലെ കാംപസില്‍ വലിയരീതിയിലുള്ള പ്രതിഷേധങ്ങളും അരങ്ങേറി. കാംപസില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 
 

Content Highlights: iit bhu varanasi student rape case three accused arrested