വസ്ത്രം വലിച്ചുകീറി,ദൃശ്യം പകർത്തി; വാരാണസി IIT-യിൽ വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം, വൻപ്രതിഷേധം

ലഖ്‌നൗ: വാരാണസി ഐ.ഐ.ടി.യില്‍(ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി) വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം. ബുധനാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കാമ്പസില്‍വെച്ച് വിദ്യാര്‍ഥിനിയെ ആക്രമിച്ചത്. വിദ്യാര്‍ഥിനിയെ ബലമായി ചുംബിക്കുകയും വസ്ത്രം വലിച്ചുകീറിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് ആരോപണം. സംഭവത്തെത്തുടര്‍ന്ന് വ്യാഴാഴ്ച ഐ.ഐ.ടി. കാമ്പസില്‍ വിദ്യാര്‍ഥികളുടെ വന്‍പ്രതിഷേധം അരങ്ങേറി.
വിദ്യാര്‍ഥിനിയെ ആക്രമിച്ചവരെ പിടികൂടണമെന്നും കാമ്പസിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം തടയണമെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. ഇതിനുപിന്നാലെ കാമ്പസിലേക്കുള്ള എല്ലാ വഴികളും രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അടച്ചിടാന്‍ ഐ.ഐ.ടി. അധികൃതര്‍ ഉത്തരവിറക്കി.
ബുധനാഴ്ച അര്‍ധരാത്രിയാണ് കാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരേ അതിക്രമമുണ്ടായതെന്നാണ് പരാതി. അര്‍ധരാത്രി 2.30-ഓടെ ഹോസ്റ്റലില്‍നിന്ന് നടക്കാനിറങ്ങിയ പെണ്‍കുട്ടിക്കൊപ്പം സുഹൃത്തായ വിദ്യാര്‍ഥിയും ഉണ്ടായിരുന്നു. ഇരുവരും കാമ്പസിലൂടെ നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വായ പൊത്തിപ്പിടിച്ച് സമീപത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ബലമായി ചുംബിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പ്രതികള്‍ ഫോണില്‍ പകര്‍ത്തി. അതിക്രമത്തിനിടെ വിദ്യാര്‍ഥിനി നിലവിളിച്ചപ്പോള്‍ കൊന്നുകളയുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. 15 മിനിറ്റോളം നീണ്ട അതിക്രമത്തിന് ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: iit bhu varanasi student molested in campus students protest