ഐബി ഉദ്യോഗസ്ഥയുടെ മരണം; പോലീസ് സ്റ്റേഷനിൽ ഹാജരായി പ്രതി സുകാന്തിന്റെ മാതാപിതാക്കൾ

തൃശ്ശൂർ: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷിന്റെ മാതാപിതാക്കൾ ചാവക്കാട് പൊലിസ് സ്റ്റേഷനിൽ ഹാജരായി. എടപ്പാൾ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ഹാജരായത്. പേട്ടയിൽ നിന്നുള്ള പോലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാൻ തൃശൂരിലേക്ക് പുറപ്പെട്ടു. നിലവിലെ കേസിൽ ഇവർ പ്രതികൾ അല്ല. സുകാന്തിനെതിരേ ഉദ്യോഗസ്ഥയുടെ കുടുംബം പരാതി നൽകിയതോടെ മലപ്പുറത്തെ വീട്ടിൽ വിട്ട് ഇവർ മാറിക്കഴിയുകയായിരുന്നു.
മാർച്ച് 24-നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാൽ, യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവർത്തകനായ സുകാന്തിനെതിരേ കുടുംബം പരാതി നൽകിയിരുന്നു.
യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്‌തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെയും തെളിവുകൾ കൈമാറി. കഴിഞ്ഞദിവസം പേട്ട പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി യുവതിയുടെ പിതാവ് തന്നെയാണ് തെളിവുകൾ കൈമാറിയത്. ഇതിനുപിന്നാലെയാണ് പോലീസ് ബലാത്സംഗക്കുറ്റം ഉൾപ്പെടെ ചുമത്തി സുകാന്തിനെതിരേ കേസെടുത്തത്.
മലപ്പുറം സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ. ചെന്നൈയിലും കൊച്ചിയിലും കൊണ്ടുപോയി യുവതിയെ ചൂഷണംചെയ്തതായും പരിക്കേൽപ്പിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.
Content Highlights: IB officer death; accused sukanth suresh's parents appear before Chavakkad Police