വ്യാജ തിരിച്ചറിയൽരേഖകൾ, പോലീസ്-സൈനികലോഗോകൾ, യൂണിഫോം; മുൻ IAS ഉദ്യോഗസ്ഥന്റെ തട്ടിപ്പുകാരൻ മകൻ പിടിയിൽ

#ന്യൂസ് ഡെസ്ക്
യശ്‌വര്‍ധന്‍ പോലീസ് കസ്റ്റഡിയിൽ | Photo: ANI X
യശ്‌വര്‍ധന്‍ പോലീസ് കസ്റ്റഡിയിൽ | Photo: ANI X

ദെഹ്‌റാദൂൺ: ഐപിഎസ് ഉദ്യോഗസ്ഥനായും റോ (RAW) ഏജന്റായും ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥനായി ചമഞ്ഞ് നിരവധി ആളുകളിൽ നിന്ന് വൻ തുക തട്ടിയെടുത്തയാൾ ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിൽ അറസ്റ്റിലായി. ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറി എസ്. രാമസ്വാമിയുടെ മകനായ യശ്‌വർധൻ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച മസൂറി റോഡിൽ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.

അഞ്ച് വ്യാജ തിരിച്ചറിയൽ കാർഡുകൾ, എട്ട് വിസിറ്റിങ് കാർഡുകൾ, 25 പോലീസ്-സൈനിക ലോഗോകൾ, മൂന്ന് സെറ്റ് സൈനിക-അർദ്ധസൈനിക യൂണിഫോമുകൾ, വ്യാജ റിബണുകൾ, ഒരു ലാപ്ടോപ്പ്, വയർലെസ് സെറ്റ് എന്നിവ ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. വിവിധ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥനായി അഭിനയിക്കാൻ യശ്‌വർധൻ ഈ സാമഗ്രികൾ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

സർക്കാർ ജോലി വാഗ്ദാനം ചെയ്തും, കമ്പനി രജിസ്ട്രേഷനുകൾ വേഗത്തിലാക്കാമെന്നും, ടെൻഡറുകൾ പാസാക്കാമെന്നും വിശ്വസിപ്പിച്ച് ഇയാൾ ആളുകളെ സമീപിക്കുകയും പകരം പണം വാങ്ങുകയും ചെയ്തിരുന്നു. അടുത്തിടെയുണ്ടായ രണ്ട് പരാതികളാണ് ഇയാൾക്കെതിരെയുള്ള നടപടിക്ക് കാരണമായത്.

തന്റെ പരേതയായ അമ്മയുടെ പേരിലുള്ള ഒരു കമ്പനിയുടെ രജിസ്ട്രേഷൻ 2016-ൽ വേഗത്തിലാക്കാമെന്ന് പറഞ്ഞ് മുതിർന്ന ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ട് യശ്‌വർധൻ തന്നിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങിയതായി അൻഷുൽ ഉപാധ്യായ എന്ന ദെഹ്‌റാദൂൺ സ്വദേശി പോലീസിനോട് പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് പ്രതിരോധ മന്ത്രാലയത്തിൽ ഡാറ്റ സയൻസ് കൺസൾട്ടൻസി ജോലി വാഗ്ദാനം ചെയ്ത് ഇയാൾ 4,60,000 രൂപ തട്ടിയെടുത്തതായി ജൂലൈ 15-ന് ഒരു ഡോക്ടറും പരാതി നൽകി.

ചോദ്യം ചെയ്യലിൽ, താൻ പണ്ട് മുതൽക്കേ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനാകാൻ ആഗ്രഹിച്ചിരുന്നതായി യശ്‌വർധൻ പോലീസിനോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. തന്റെ അച്ഛൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന അധികാരം കണ്ട് വളർന്ന ഇയാൾ വർഷങ്ങളോളം യുപിഎസ്സി (UPSC) പരീക്ഷയ്ക്ക് തയ്യാറെടുത്തെങ്കിലും വിജയിച്ചില്ല. തുടർന്നാണ് സ്വാധീനം നേടുന്നതിനും പണം തട്ടുന്നതിനുമായി വ്യാജ വേഷങ്ങൾ കെട്ടാൻ തുടങ്ങിയത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ദെഹ്‌റാദൂൺ പോലീസ് യശ്‌വർധന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Content Highlights: Yashvardhan, son of former Uttarakhand Chief Secretary S Ramaswami, arrested in Dehradun. Accused impersonated IPS officers and RAW agents to defraud victims. Police seized fake IDs, army uniforms, and wireless sets during the arrest. Fraud involved promises of government jobs and company registrations. Failed UPSC aspirations cited as motive for the elaborate impersonation.