ആദ്യഭാര്യയുടെ സഹോദരിയെ രണ്ടാമത് വിവാഹംകഴിച്ചു, സംശയത്തിന്റെ പേരിൽ വെടിവെച്ച് കൊന്നു; പ്രതി പിടിയിൽ

#ന്യൂസ് ഡെസ്ക്
സംഭവസ്ഥലത്തെ ദൃശ്യം | Photo Courtesy: x.com/jsuryareddy
സംഭവസ്ഥലത്തെ ദൃശ്യം | Photo Courtesy: x.com/jsuryareddy

ഹൈദരാബാദ്: സംശയത്തിന്റെ പേരിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ രണ്ടാംഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ മാരുതിനഗർ സ്വദേശിയായ ഡി. അരുൺ കുമാർ(48) ആണ് രണ്ടാംഭാര്യയായ നിഷ റാണിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച പുലർച്ചെ മാരുതിനഗറിലെ അരുൺകുമാറിന്റെ വീട്ടിൽവെച്ചായിരുന്നു സംഭവം. ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് അരുൺകുമാറും രണ്ടാംഭാര്യയായ നിഷ റാണിയും ഏറെനാളായി രണ്ടിടത്തായിരുന്നു താമസം. പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രി വൈകി അരുൺകുമാർ നിഷ റാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കാര്യങ്ങൾ സംസാരിക്കുന്നതിനിടെ അരുൺകുമാർ ഭാര്യയ്ക്ക് നേരേ നിറയൊഴിക്കുകയായിരുന്നു.

സംഭവസമയത്ത് അരുൺകുമാറിനൊപ്പം മറ്റൊരാൾകൂടി വീട്ടിലുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. നിഷ റാണിയെ കൊലപ്പെടുത്തിയശേഷം ഇരുവരും വീട്ടിൽനിന്ന് രക്ഷപ്പെട്ടെങ്കിലും അരുൺകുമാറിനെ പോലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

അരുൺ കുമാറിന്റെ ആദ്യഭാര്യയുടെ സഹോദരിയാണ് രണ്ടാംഭാര്യയായ നിഷ റാണി. ആദ്യഭാര്യയിൽ അരുൺകുമാറിന് രണ്ടുകുട്ടികളുണ്ട്. ആദ്യഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് അരുൺകുമാർ ഇവരുമായി പിരിഞ്ഞത്. തുടർന്ന് ആദ്യഭാര്യയുടെ സഹോദരിയായ നിഷ റാണിയെ വിവാഹം കഴിക്കുകയായിരുന്നു. അഞ്ചുവർഷം മുൻപായിരുന്നു വിവാഹം.

വിവാഹത്തിന് പിന്നാലെ അരുൺകുമാറും നിഷയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. നിഷയ്ക്ക് മറ്റൊരുബന്ധമുണ്ടെന്നായിരുന്നു അരുൺകുമാറിന്റെ സംശയം. ഇതേച്ചൊല്ലി വഴക്കും പതിവായിരുന്നു. ഇതോടെ ഇരുവരും രണ്ടിടത്തായിരുന്നു താമസമെന്നും പോലീസ് പറഞ്ഞു.

ബിഹാറിലെ മുംഗേറിൽനിന്ന് സംഘടിപ്പിച്ച പിസ്റ്റൾ ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. ഈ തോക്കുമായി മാർച്ചിൽ അരുൺകുമാറും രണ്ട് കൂട്ടാളികളും ഹൈദരാബാദിലെ ആംബേർപേട്ട് പോലീസിന്റെ പിടിയിലായിരുന്നു. ഭാര്യയെ കൊല്ലാൻ ലക്ഷ്യമിട്ടാണ് അരുൺകുമാർ ബിഹാറിൽനിന്ന് ഈ തോക്ക് സംഘടിപ്പിച്ചത്. എന്നാൽ, ആയുധനിയമപ്രകാരമാണ് ഇവർക്കെതിരേ അന്ന് കേസെടുത്തത്. തുടർന്ന് 40 ദിവസത്തോളം ജയിലിൽ കിടന്ന പ്രതി പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

അനധികൃത തോക്ക് നിർമാണത്തിലൂടെ രാജ്യത്ത് കുപ്രസിദ്ധി നേടിയ സ്ഥലമാണ് ബിഹാറിലെ മുംഗേർ. നിയമപ്രകാരം പ്രവർത്തിക്കുന്ന തോക്ക് നിർമാണശാലകളും അതിലേറെ അനധികൃത തോക്ക് നിർമാണ കേന്ദ്രങ്ങളുമാണ് മുംഗേറിലുള്ളത്. ചെറിയ കൈത്തോക്കുകൾ മുതൽ എ.കെ. 47 വരെയുള്ള തോക്കുകൾ ഇവിടെ സുലഭമായി ലഭിക്കുമെന്നതും പരസ്യമായ രഹസ്യമാണ്.

2021-ൽ കേരളത്തെ നടുക്കിയ മാനസ കൊലക്കേസിൽ പ്രതിയായ രഖിൽ തോക്ക് സംഘടിപ്പിച്ചതും ബിഹാറിലെ മുംഗേറിൽനിന്നായിരുന്നു. ഈ തോക്കുമായെത്തിയാണ് കോതമംഗലത്ത് ബിഡിഎസ് വിദ്യാർഥിനിയായ മാനസയെ കണ്ണൂർ സ്വദേശിയായ രഖിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ പ്രതി സ്വയം നിറയൊഴിച്ച് മരിച്ചു. മാനസ കൊലക്കേസിൽ രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശിയും പ്രതിയായിരുന്നു.

Content Highlights: D. Arun Kumar arrested for shooting his second wife, Nisha Rani., Incident occurred in Maruthinagar, Hyderabad, following marital disputes., The suspect used an illegal pistol sourced from Munger, Bihar., Arun Kumar had a prior arrest in March 2026 for illegal weapon possession., Police are currently searching for an accomplice present during the crime.