കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി; മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്, ഗുരുതര പരിക്ക്

ലഖ്‌നൗ: കാമുകനൊപ്പം പിടികൂടിയ 25-കാരിയുടെ മൂക്ക് ഭര്‍ത്താവ് കടിച്ചുപറിച്ചു. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരേ ഗ്രാമത്തില്‍ താമസിക്കുന്ന കാമുകനെ കാണാന്‍ യുവതി ഭര്‍ത്താവറിയാതെ പോയപ്പോഴായിരുന്നു സംഭവം. എന്നാല്‍, രാം ഖിലാവന്‍ ഭാര്യയെ പിന്തുടരുന്നുണ്ടായിരുന്നു. യുവതിയും കാമുകനും കണ്ടുമുട്ടിയതിനു പിന്നാലെ രാം ഖിലാവനും ഭാര്യയുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ദേഷ്യംവന്ന ഇയാള്‍ ഭാര്യയുടെ മുക്ക് കടിച്ചുപറിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഹരിയവാന്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തി യുവതിയെ ആദ്യം ഹര്‍ദോയ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എന്നാല്‍, പരിക്ക് ഗുരുതരമായതിനാല്‍, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലഖ്നൗവിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് നരേന്ദ്ര കുമാര്‍ പറഞ്ഞു.
Content Highlights: A 25-year-old woman`s nose was bitten off by her husband after he caught her with her lover