ഭാര്യയെ ഓഫീസിൽനിന്നും പിടിച്ചിറക്കി കമ്പിപ്പാരവെച്ച് തലയ്ക്കടിച്ചു; പിന്നാലെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി ഭർത്താവ്

#ന്യൂസ് ഡെസ്ക്

കമ്പംമെട്ട്: ഇടുക്കിയിൽ പോസ്റ്റ്ഓഫീസ് ജീവനക്കാരിയായ യുവതിയെ ഓഫീസിൽ നിന്നും പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു. കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി മഴുവൻചേരിയിൽ സന്തോഷാണ് മരിച്ചത്. ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം.

സന്തോഷും ശ്രീജയും തമ്മിൽ വിവാഹ മോചനത്തിനുള്ള കേസ് നിലനിൽക്കുകയായിരുന്നു. നാളെ ഇതിന്റെ വിധി വരാനിരിക്കെയാണ് സന്തോഷ് ശ്രീജയെ ആക്രമിച്ചത്. കുഴിത്തൊളു പോസ്റ്റ്ഓഫീസിലെ ജീവനക്കാരിയായ ശ്രീജ, ഭർത്താവുമായി പിണങ്ങി തൂക്കുപാലത്താണ് താമസിച്ചിരുന്നത്.

ഇന്ന് രാവിലെ ജോലിക്കായി ഓഫീസിലെത്തിയ ശ്രീജയെ സന്തോഷ് ഓഫീസിൽ നിന്നും വലിച്ചിറക്കി കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെ കയ്യിൽ കരുതിയിരുന്ന തൂക്കു ചൂണ്ടി ഭയപ്പെടുത്തി ഓടിച്ച ശേഷം റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.

തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)

Content Highlights: A post office employee in Idukki was attacked by her husband, Santosh, who then committed suicide by shooting himself. The couple was undergoing a divorce case, and the attack occurred a day before the court's decision was expected. The victim, Sreeja, was seriously injured and hospitalized, while the police are investigating the incident.