മൂന്നുതവണ പരാജയപ്പെട്ടു, നാലാമത്തെ ശ്രമം വിജയിച്ചു, രംഘുവംശിയെ കുത്തി കൊക്കയിലെറിഞ്ഞു- കുറ്റപത്രം

സോനം, രാജാ രഘുവംശി- Photo | x.com/satyaagrahindia
സോനം, രാജാ രഘുവംശി- Photo | x.com/satyaagrahindia

ഇന്ദോർ: മേഘാലയിൽ ഹണിമൂൺ യാത്രയ്ക്കിടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് വിശദമായ കുറ്റപത്രം സമർപ്പിച്ചു. അഞ്ചുപേരെ മുഖ്യപ്രതികളാക്കിയാണ് സോഹ്റ കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ ഭാര്യ സോനം രഘുവംശി, അവരുടെ കാമുകൻ രാജ് കുശ്വാഹ, വാടകക്കൊലയാളികളായ വിശാൽ സിങ് ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവരെ പ്രതികളാക്കി 790 പേജുള്ള റിപ്പോർട്ടാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) സമർപ്പിച്ചത്. 

ഒന്നാം പ്രതിയായ സോനം രഘുവംശി, രാജയുമായുള്ള വിവാഹത്തിന് ശേഷവും രാജ് കുശ്വാഹയുമായുള്ള ബന്ധം തുടർന്നിരുന്നു. മധുവിധു യാത്രയുടെ മറവിൽ രാജയെ ഇല്ലാതാക്കാൻ സോനവും കുശ്വാഹയും ഗൂഢാലോചന ആരംഭിച്ചു.

മേയ് 20-ന് ദമ്പതിമാർ ഷില്ലോങ്ങിലേക്കും തുടർന്ന് സോഹ്റയിലേക്കും മധുവിധുയാത്ര തിരിച്ചു. മൂന്ന് തവണ കൊലപാതകശ്രമം പരാജയപ്പെട്ടതായും നാലാമത്തെ ശ്രമത്തിലാണ് രാജയെ അഞ്ചം​ഗ സംഘം കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

മേയ് 23-ന്, സോഹ്റയിലെ വെയ് സോഡോങ് വെള്ളച്ചാട്ടത്തിനടുത്ത് വെച്ചായിരുന്നു കൃത്യം നടത്തിയത്. സോനത്തിന് മുന്നിൽവെച്ചാണ് മറ്റുള്ളവർ രാജയെ കത്തി ഉപയോ​ഗിച്ച് ആക്രമിച്ചത്. തുടർന്ന് മൃതദേഹം കൊക്കയിലെറിഞ്ഞു. ജൂൺ 2നാണ് മൃതദേഹം കണ്ടെടുത്തത്. മധ്യപ്രദേശിലും ഉത്തർപ്രദേശിലുമായി നടത്തിയ അന്വേഷണത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ സംഘം പ്രതികളെ പിടികൂടി.

തെളിവുകൾ നശിപ്പിച്ചതിന്  പ്രോപ്പർട്ടി ഡീലർ സിലോം ജെയിംസ്, ഫ്ലാറ്റുടമ ലോകേന്ദ്ര തോമർ, സെക്യൂരിറ്റി ഗാർഡ് ബൽബീർ അഹിർവാർ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. മൂവരും ഇപ്പോൾ ജാമ്യത്തിലാണ്. 

കുറ്റപത്രം സമർപ്പിച്ചതിനെ സ്വാഗതം ചെയ്ത രാജയുടെ സഹോദരൻ വിപിൻ രഘുവംശി  എല്ലാ പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. തങ്ങൾക്ക് ഇതുവരെ കുറ്റപത്രം ലഭിച്ചിട്ടില്ലെന്നും തിങ്കളാഴ്ച മേഘാലയിലെത്തി കുറ്റപത്രം വായിക്കുമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

Content Highlights: Meghalaya police file chargesheet in Raja Raghuvanshi murder case.