പേരയ്ക്ക പറിച്ചെന്ന് ആരോപിച്ച് പെൺകുട്ടിയെ കെട്ടിയിട്ടു, മർദനം; വിമുക്തഭടനെതിരേ കേസ്

ഷിംല: വീട്ടുവളപ്പിൽനിന്ന് പേരയ്ക്ക എടുത്തെന്ന് ആരോപിച്ച് പെൺകുട്ടിയെ കെട്ടിയിടുകയും മർദിക്കുകയുംചെയ്തു. ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിലാണ് സംഭവം. പ്രദേശവാസിയായ വിമുക്തഭടനാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ കെട്ടിയിട്ടത്. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീട്ടുവളപ്പിലെ മരത്തിൽനിന്ന് പേരയ്ക്ക പറിച്ചെന്ന് പറഞ്ഞാണ് മുൻ സൈനികൻ പെൺകുട്ടിയെ മർദിച്ചതെന്നാണ് വിവരം. തുടർന്ന് ഇയാൾ പെൺകുട്ടിയെ വീട്ടിലെ ഗോവണിയോട് ചേർന്ന് ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു. സംഭവം കണ്ടെത്തിയ പ്രദേശവാസിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ഇതിന്റെ വീഡിയോ പകർത്തിയത്. ഇദ്ദേഹം വിമുക്തഭടനെ ചോദ്യംചെയ്‌തെങ്കിലും പെൺകുട്ടിയെ കെട്ടിയിട്ടതിനെ ഇയാൾ ന്യായീകരിക്കുന്നതും വീഡിയോയിലുണ്ട്.
രക്ഷിക്കാൻ അഭ്യർഥിച്ച് പെൺകുട്ടി നിർത്താതെ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, പെൺകുട്ടി കരഞ്ഞുപറഞ്ഞിട്ടും വിമുക്തഭടൻ കുട്ടിയെ വെറുതെവിട്ടില്ല. തുടർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിച്ചു. ഇതോടെയാണ് വിമുക്തഭടൻ പെൺകുട്ടിയെ കെട്ടഴിച്ചുവിട്ടത്. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ കുടുംബത്തോട് ക്ഷമാപണം നടത്തുകയുംചെയ്തു.
അതേസമയം, സംഭവത്തിൽ സ്വമേധയാ കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയായ വിമുക്തഭടനെ ചോദ്യംചെയ്‌തെന്നും പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് മൊഴിയെടുത്തെന്നും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും പോലീസ് പറഞ്ഞു. കേസിൽ തുടർനടപടികളുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: A minor girl was tied up and assaulted by an ex-serviceman in Una, Himachal Pradesh., The incident was triggered by an accusation of stealing guavas from a private property., A Merchant Navy officer intervened after recording the incident on video., Local police have registered a case and initiated a medical examination for the victim., The 2026 investigation is ongoing with statements recorded from the family.