ഹൈറിച്ച് തട്ടിപ്പ്: വ്യാപക റെയ്ഡിന് പിന്നാലെ ഇ.ഡി.യുടെ നീക്കം, ഉടമകളെ ചോദ്യംചെയ്യുന്നു

കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസില്‍ സ്ഥാപനത്തിന്റെ ഉടമകളായ കെ.ഡി.പ്രതാപന്‍, ശ്രീന പ്രതാപന്‍ എന്നിവരടക്കമുള്ളവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യംചെയ്യുന്നു. കഴിഞ്ഞദിവസം ഹൈറിച്ച് കേസില്‍ വ്യാപകമായ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഉടമകളെ ഇ.ഡി. ചോദ്യംചെയ്യുന്നത്.
കഴിഞ്ഞദിവസം കേരളം, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായാണ് ഹൈറിച്ച് കേസില്‍ ഇ.ഡി. റെയ്ഡ് നടത്തിയത്. കമ്പനി പ്രൊമോട്ടര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉള്‍പ്പെടെ പരിശോധന നടന്നു. ഈ റെയ്ഡില്‍ 32 കോടി രൂപയുടെ സ്വത്ത് ഇ.ഡി. മരവിപ്പിച്ചതായാണ് വിവരം. ഏകദേശം 70 ലക്ഷം രൂപ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ ഹൈറിച്ച് കമ്പനി 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍. കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ 15 കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം ഇ.ഡി. റെയ്ഡ് നടത്തിയത്. ഇ.ഡി. ഉദ്യോഗസ്ഥരും സി.ആര്‍.പി.എഫുകാരുമടക്കം നൂറിലേറെ വരുന്ന സംഘമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതല്‍ തുടങ്ങിയ റെയ്ഡുകളിലുണ്ടായിരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഹൈറിച്ച് കേസ് സി.ബി.ഐ.ക്ക് വിട്ടതിനു പിന്നാലെയാണ് ഇ.ഡി. സംഘം വ്യാപകമായ റെയ്ഡ് നടത്തിയത്. ഹൈറിച്ച് ബിസിനസുമായി ബന്ധമുള്ളവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലായിരുന്നു റെയ്ഡ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഡിജിറ്റല്‍ രേഖകളടക്കം റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ അനുബന്ധ സ്ഥാപനം ദുബായിയിലും രജിസ്റ്റര്‍ ചെയ്തതായും 'എച്ച്.ആര്‍.സി. ക്രിപ്‌റ്റോ' എന്ന ക്രിപ്‌റ്റോ കറന്‍സി ബിസിനസിലൂടെ കോടികള്‍ സമാഹരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹൈറിച്ചിന്റെ 55 അക്കൗണ്ടുകളിലായുണ്ടായിരുന്ന 212.45 കോടി രൂപയുടെ നിക്ഷേപം അന്വേഷണ സംഘം നേരത്തെ മരവിപ്പിച്ചിരുന്നു.
Content Highlights: highrich scam ed interrogating company owners