10,000 ത്തിന് 110 രൂപ ലാഭവിഹിതം; ഒടുവില്‍ നിക്ഷേപിച്ച തുകയുമില്ല, ഹൈറിച്ച് ഉടമകള്‍ക്കെതിരെ കേസ്

പൊയിനാച്ചി: ഹൈറിച്ചിൽ 4.10 ലക്ഷം നിക്ഷേപിച്ച് ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ടെയ്ലറിങ് ജോലിചെയ്യുന്ന ചട്ടഞ്ചാൽ കുന്നാറയിലെ എ.പി.തസ്നിയ(36)യുടെ പരാതിയിലാണ് നടപടി. തൃശ്ശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയരക്ടർമാരായ ദാസൻ പ്രതാപനെ ഒന്നും ഭാര്യ ശ്രീന പ്രതാപനെ രണ്ടും പ്രതികളാക്കിയും സ്ഥാപനത്തിന്റെ പ്രമോട്ടർമാരായ കാഞ്ഞങ്ങാട്ടെ സൈബു(43)വിനെ മൂന്നും തിരൂരിലെ ഷാനിബി(30)നെ നാലും പ്രതികളാക്കിയുമാണ് കേസ്.
ഓൺലൈൻ ഷോപ്പിങ്ങിനായി 10,000 രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ 110 രൂപ വീതം അക്കൗണ്ടിലേക്ക് ലാഭവിഹിതം ലഭിക്കുമെന്നും നിക്ഷേപിച്ച പണം മൂന്നിരട്ടിയാകുംവരെ ലാഭവിഹിതം ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. തസ്നിയയുടെ ബന്ധുവായ ഹൈറിച്ച് പ്രമോട്ടർ കാഞ്ഞങ്ങാട്ടെ സൈബുവാണ് നിക്ഷേപത്തിനായി ആദ്യം സമീപിച്ചത്.
കഴിഞ്ഞ ഡിസംബർ രണ്ടിന് കാസർകോട് തളങ്കരയിലാണ് ഹൈറിച്ചിന്റെ മറ്റൊരു പ്രമോട്ടറായ ഷാനിബിന്റെ സാന്നിധ്യത്തിൽ 4.10 ലക്ഷം രൂപ കൈമാറിയതെന്ന് തസ്നിയ പോലീസിനോട് പറഞ്ഞു. 2023 ഡിസംബർ രണ്ടുമുതൽ ആറുവരെ 10,000 രൂപയുടെ ഒരു മദർ ഐ.ഡി.യും തുടർന്ന് 10,000 രൂപ വീതമുള്ള 40 ചൈൽഡ് ഐ.ഡി.യും ക്രിയേറ്റ് ചെയ്ത് അതിന്റെ പാസ്വേഡ് പിന്നീട് അയച്ചുകൊടുത്തിരുന്നുവെന്ന് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Fresh case against Highrich for cheating yet another investor