ശുചിമുറിയില്‍ ഒളിക്യാമറ, ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിറ്റെന്ന് പരാതി; കോളേജില്‍ വന്‍പ്രതിഷേധം

കോളേജിലെ പ്രതിഷേധത്തിൽ നിന്ന് | X@NewsMeter_In
കോളേജിലെ പ്രതിഷേധത്തിൽ നിന്ന് | X@NewsMeter_In

അമരാവതി: ആന്ധ്രയിലെ എഞ്ചിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിൽ ഒളിക്യാമറകൾ കണ്ടെത്തിയതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധം. പെൺകുട്ടികളുടെ ശുചിമുറിയിൽ നിന്നാണ് ഒളിക്യാമറകൾ കണ്ടെത്തിയത്. കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എഞ്ചിനിയറിങ് കോളേജിലാണ് സംഭവം. 

ഒളിക്യാമറ ഉപയോ​ഗിച്ച് വിദ്യാർഥികളുടെ വീഡിയോകൾ രഹസ്യമായി പകർത്തിയെന്നാണ് പോലീസ് പറയുന്നത്. പിന്നീട്, ദൃശ്യങ്ങൾ കോളേജിലെ വിദ്യാർഥികൾക്ക് വിൽക്കുകയും ചെയ്തു. സംഭവത്തിൽ, അവസാന വർഷ ബി. ടെക്ക് വിദ്യാർഥി വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 300-ലധികം ചിത്രങ്ങളും വീഡിയോകളും ഒളിക്യാമറയിൽ പകർത്തിയെന്നാണ് റിപ്പോർട്ട്. 

വ്യാഴാഴ്ച വൈകീട്ട് വിദ്യാർഥിനികളുടെ ശുചിമുറിയിലെ ഒളിക്യാമറ അടർന്ന് വീണതോടെ ആണ് വിഷയം പുറത്തറിയുന്നത്. തുടർന്ന്, വ്യാഴാഴ്ച വൈകീട്ട് മുതൽ വിദ്യാർഥിനികൾ പ്രതിഷേധത്തിലാണ്. പ്രദേശവാസികളും വിഷയത്തിൽ രോഷാകുലരാണ്. തങ്ങൾക്ക് നീതി ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയണമെന്നുമാണ് ഇവരുടെ ആവശ്യം. 

Content Highlights: Hidden Camera Found In Andhra College, Videos Were Sold To Students