കരുവാറ്റ കൊലപാതകം;സ്വർണംവെച്ച അലമാര കുത്തിത്തുറക്കാൻ ശ്രമിച്ചു,പിടിച്ചപ്പോൾ ശാസിച്ചതും വൈരാഗ്യമായി

#ന്യൂസ് ഡെസ്ക്
കൊല്ലപ്പെട്ട ശിവൻകുട്ടി, കൊലപാതകം നടന്ന കരുവാറ്റയിലെ വീട്
കൊല്ലപ്പെട്ട ശിവൻകുട്ടി, കൊലപാതകം നടന്ന കരുവാറ്റയിലെ വീട്

ഹരിപ്പാട്: കരുവാറ്റയിലെ കൊലപാതകക്കേസിൽ കുറ്റാരോപിതയായ പെൺകുട്ടി വീട്ടിൽനിന്നു സ്വർണമെടുക്കുന്നതിൽ പരാജയപ്പെട്ടതും കൊലയ്ക്ക് പ്രേരണയായെന്ന് പോലീസ്. ശനിയാഴ്ച രാത്രിയാണ് മാടപ്പുരക്കൽ പടീറ്റതിൽ ശിവൻകുട്ടി ചെട്ടിയാർ (67) കൊല്ലപ്പെട്ടത്. അന്നു രാവിലെ വീട്ടിൽ സ്വർണം സൂക്ഷിച്ചിരുന്ന അലമാര സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് തുറക്കാൻ ബന്ധുവായ പെൺകുട്ടി ശ്രമിച്ചിരുന്നു. പുറത്തുപോയിരുന്ന ചെട്ടിയാർ വീട്ടിലെത്തിയപ്പോൾ ഇതു കണ്ടു. കുട്ടിയെ ശാസിക്കുകയും സ്‌ക്രൂഡ്രൈവർ വാങ്ങി നിലത്തെറിയുകയും ചെയ്തു. സംഭവം കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും അറിയിക്കുമെന്നു പറഞ്ഞു.

സ്വർണം വിറ്റശേഷം ഫോൺ വാങ്ങാനാണ് പെൺകുട്ടി തീരുമാനിച്ചിരുന്നത്. ഇനിയും വൈകിയാൽ സ്വർണം കൈവിട്ടുപോകുമെന്ന് കുട്ടി കരുതിയിരിക്കാമെന്നാണ് പോലീസ് നിഗമനം. പെൺകുട്ടിയുടെ അമിതമായ മൊബൈൽ ഉപയോഗവും സുഹൃത്തുക്കൾക്കൊപ്പമുള്ള സഞ്ചാരവും ശിവൻകുട്ടി എതിർത്തിരുന്നതിലും വഴക്കുണ്ടായിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരോട് പെൺകുട്ടി തന്നെയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

മായിത്തറയിലെ സംരക്ഷണകേന്ദ്രത്തിലുള്ള കുറ്റാരോപിതരായ മൂന്നുപേരെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും. വിരലടയാളം ഉൾപ്പെടെ ശാസ്ത്രീയ അന്വേഷണത്തിലെ വിവരങ്ങളും വീടിനുള്ളിൽ ഇവർ കയറിയ രീതിയുമെല്ലാം ഉറപ്പാക്കണം. പെൺകുട്ടിയിൽനിന്ന് കൂടുതൽ വിവരങ്ങളും ശേഖരിക്കണം.

സുഹൃത്തിനെ തേടി പോലീസ് സ്റ്റേഷനിലെത്തി

കുറ്റാരോപിതരിൽ ഒരാൾ ഇവരുടെ സുഹൃത്തിനെത്തേടി കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെത്തിയിരുന്നതായി അന്വേഷണോദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആടിനെ മോഷ്ടിച്ച കേസിൽ അറസ്റ്റിലായിരുന്നു കുറ്റാരോപിതന്റെ സുഹൃത്ത്. ശിവൻകുട്ടിയെ കൊലപ്പെടുത്തിയശേഷം അപഹരിച്ച നാലരപ്പവൻ വിൽക്കുന്നതിനോ പണയംവെക്കുന്നതിനോ ആണ് സുഹൃത്തിനെത്തേടി എത്തിയത്. സ്വർണം വിൽക്കാൻ ആധാർ കാർഡ് ആവശ്യമായതിനാലാണ് സഹായം തേടാൻ തീരുമാനിച്ചത്.

Content Highlights: Police state the accused girl failed to steal gold from Sivankutty's house, which triggered the murder., The victim had caught the girl trying to open the almirah and threatened to inform her family., The accused planned to sell the gold to buy a mobile phone., Three accused individuals are set to be taken into police custody for scientific investigation and evidence collection., One of the suspects went to Parippally police station to seek a friend's help for selling the stolen gold using an Aadhaar card.