സ്ത്രീധനവും സൗന്ദര്യവും കുറഞ്ഞെന്ന പേരിൽ യുവതിക്ക് ആക്രമണം; അഞ്ചുവയസ്സുള്ള കുഞ്ഞിനെയും ആക്രമിച്ചു,

ഹരിപ്പാട്: സൗന്ദര്യവും സ്ത്രീധനവും കുറഞ്ഞെന്ന പേരിൽ യുവതിയെ ആക്രമിച്ചെന്ന കേസിൽ ഭർത്താവും അച്ഛനുമമ്മയും അറസ്റ്റിൽ. തൃക്കുന്നപ്പുഴ പാനൂർ താനുവേലിൽ നിഥിൻ (32), അച്ഛൻ മോഹനൻ (66), അമ്മ റീന (66) എന്നിവരാണ് അറസ്റ്റിലായത്. നിഥിന്റെ ഭാര്യ പുന്നപ്ര സ്വദേശിനിയായ 29-കാരിയുടെ പരാതിയിലാണ് നടപടി. പ്രതികളെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽവിട്ടു.
കഴിഞ്ഞ 23-ന് പ്രതികൾ യുവതിയെയും അഞ്ചുവയസ്സുള്ള പെൺകുഞ്ഞിനെയും ആക്രമിക്കുന്നതിന്റെ ദൃശ്യം അയൽവാസി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇതുൾപ്പെടെ അന്നുതന്നെ തൃക്കുന്നപ്പുഴ പോലീസിൽ പരാതിനൽകി. കേസെടുത്തെങ്കിലും പ്രതികളെ പിടിച്ചില്ല. തുടർന്ന്, യുവതി എസ്.പി.ക്കു പരാതി നൽകി. ഇതിനുശേഷം ബുധനാഴ്ച രാവിലെയാണ് നിഥിനെയും മാതാപിതാക്കളെയും അറസ്റ്റുചെയ്യുന്നത്.
ആറുവർഷം മുൻപായിരുന്നു മത്സ്യത്തൊഴിലാളിയായ നിഥിൻ വിവാഹിതനായത്. വധുവിന് പത്തുപവനോളം സ്വർണമുണ്ടായിരുന്നു. അന്നുമുതൽ സൗന്ദര്യത്തിന്റെയും സത്രീധനത്തിന്റെയും പേരിൽ തന്നെ ഉപദ്രവിക്കുകയാണെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. കുഞ്ഞിനെയും ഉപദ്രവിക്കാറുണ്ട്. 23-ന് ക്രൂരമായ ആക്രമണമുണ്ടായി. കാലിലും കഴുത്തിലും ഗുരുതരപരിക്കേറ്റു. വിവരമറിഞ്ഞെത്തിയ അച്ഛനെയും ആക്രമിച്ചതായി പറയുന്നു.
അന്നുമുതൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 26-നാണ് ആശുപത്രി വിട്ടത്. അതിനുശേഷവും പ്രതികളെ പിടികൂടാതെ വന്നപ്പോഴാണ് എസ്.പി.യെ സമീപിച്ചത്.
അന്നുതന്നെ കേസെടുത്തിരുന്നെന്നും സ്ത്രീധനപീഡന പരാതികളിൽ കോടതിയുത്തരവനുസരിച്ചുള്ള നടപടി പൂർത്തിയാക്കുന്നതിലെ കാലവിളംബമാണുണ്ടായതെന്നും തൃക്കുന്നപ്പുഴ പോലീസ് പറഞ്ഞു. പരാതിക്കാരിയുടെ മൊഴിയെടുത്തിയിരുന്നു. കുട്ടിയെ ഉപദ്രവിച്ചതിന് പ്രത്യേകം കേസെടുത്തിട്ടുണ്ട്. കുഞ്ഞുങ്ങൾക്കു നേരേയുണ്ടായ അതിക്രമത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Content Highlights: Husband and his parents arrested over dowry and beauty shaming harassment in Haripad., Victim and her 5-year-old child brutally assaulted on the 23rd., Neighbor captured the assault on video, leading to an SP complaint after police delay., Victim and father treated at Vandanam Medical College Hospital.